ശ്രീഹരി പറഞ്ഞതനുസരിച്ച് കേട്ടെഴുത്തിടാന്‍ മന്ത്രിയെത്തി; ഒരു വാക്കുപോലും തെറ്റിക്കാതെ കുട്ടികളും: ഒടുവില്‍ മന്ത്രി വലിയൊരു സമ്മാനവും കൊടുത്തു

single-img
10 October 2017

ആലപ്പുഴ: ശ്രീഹരിക്കും കൂട്ടുകാര്‍ക്കും മലയാളം കേട്ടെഴുത്തിടാന്‍ മന്ത്രി ഡോ. തോമസ് ഐസക്കെത്തി. സ്‌കൂളിലെത്തിയ മന്ത്രിയിട്ട മലയാളം പരീക്ഷയില്‍ ഒരു വാക്കു പോലും തെറ്റിക്കാതെ കുട്ടികള്‍ ജയിച്ചപ്പോള്‍ പൂങ്കാവ് ശ്രീചിത്തിര മഹാരാജാ വിലാസം ഗവ. യുപി സ്‌കൂളിന് മന്ത്രിയുടെ വക സമ്മാനമായി ലഭിച്ചത് പുതിയ കെട്ടിടവും ഹൈടെക് ക്ലാസ്സിനുള്ള വാഗ്ദാനവുമാണ്.

തങ്ങള്‍ക്ക് കേട്ടെഴുത്തിടാന്‍ എപ്പോള്‍ വരുമെന്ന് ചോദിച്ച് സ്‌കൂളിലെ ഏഴാം ക്ലാസ്സ് വിദ്യാര്‍ത്ഥി ശ്രീഹരി മന്ത്രിക്ക് കത്തെഴുതിയിരുന്നു. ഈ കത്ത് മന്ത്രി ഫേസ്ബുക്കില്‍ ഇടുകയും വൈറലാകുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഇന്നലെ കേട്ടെഴുത്തിടാന്‍ മന്ത്രി സ്‌കൂളില്‍ എത്തിയത്.

എല്ലാം തെറ്റുകൂടാതെ ശ്രീഹരി എഴുതിക്കാണിക്കുകയും മന്ത്രി സ്വയം പരിശോധിച്ചതിന് പുറമേ മറ്റു കുട്ടികളെ കൊണ്ടു വായിപ്പിക്കുകയും ചെയ്തു. അടയ്ക്ക’ എന്ന പാഠത്തില്‍ നിന്നുള്ള ഭാഗങ്ങളാണ് മന്ത്രി കേട്ടെഴുത്തിട്ടത്.

ഇന്നലെ ഉച്ചയ്ക്കാണ് മന്ത്രി സ്‌കൂളില്‍ എത്തിയത്. പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടന വേളയില്‍ ഈ അധ്യയന വര്‍ഷം ആദ്യമായിരുന്നു മന്ത്രി എല്ലാവരും തെറ്റില്ലാതെ മലയാളം എഴുതിയാല്‍ പുതിയ കെട്ടിടത്തിന് ഫണ്ട് അനുവദിക്കാമെന്ന് വാഗ്ദാനം ചെയ്തത്.

ഇതേ തുടര്‍ന്ന് മലയാളം പോലും എഴുതാനും വായിക്കാനും അറിയാത്ത കുട്ടികള്‍ക്ക് എസ്എസ്എ യുടേയും സ്‌കൂളിലെ അധ്യാപകരുടേയും നേതൃത്വത്തില്‍ പ്രത്യേക പരിശീലനം നല്‍കുകയായിരുന്നു. ഈ വര്‍ഷം വിവിധ അണ്‍ എയ്ഡഡ് സ്‌കൂളില്‍ നിന്നും 110 വിദ്യാര്‍ത്ഥികളെയാണ് അധ്യാപകര്‍ ഈ സ്‌കൂളില്‍ കൊണ്ടുവന്നത്.