Movies

ദിലീപ് ഷൂട്ടിങ് തിരക്കിലേക്ക്; കമ്മാരസംഭവത്തിന്റെ ചിത്രീകരണം പുനരാരംഭിച്ചു

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയ നടന്‍ ദിലീപ് വീണ്ടും സിനിമാ തിരക്കുകളിലേക്ക് മടങ്ങുന്നതായി റിപ്പോര്‍ട്ട്. ദിലീപിന്റെ അറസ്റ്റോടെ ചിത്രീകരണം പാതിവഴിയിലായി പോയ കമ്മാരസംഭവം എന്ന സിനിമയില്‍ അഭിനയിക്കാനുള്ള തയ്യാറെടുപ്പുകളിലാണിപ്പോള്‍ ദിലീപ്. സിനിമയുടെ ഷൂട്ടിങ്ങ് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വേങ്ങരയില്‍ പുനരാരംഭിച്ചു.

സമകാലിക രാഷ്ട്രീയം പ്രമേയമാക്കുന്ന സിനിമക്കായി വേങ്ങര ഉപതെരഞ്ഞെടുപ്പ് ചിത്രീകരിക്കാനായാണ് സംഘം എത്തിയത്. മൂന്നുദിവസമാണ് വേങ്ങര മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളില്‍ ഷൂട്ടിങ് നടക്കുക. വേങ്ങരയിലെ ഷൂട്ടിംഗ് വേദിയില്‍ ദിലീപ് എത്തിയിട്ടില്ല.

ഇരുപതാം തീയതിയോടെ എത്തിച്ചേരുമെന്നാണ് റിപ്പോര്‍ട്ട്. ദിലീപ് എത്തിയാല്‍ 25 ദിവസത്തിനകം ചിത്രീകരണം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് അണിയറ പ്രവര്‍ത്തകരുടെ പ്രതീക്ഷ. വേങ്ങര ബസ് സ്റ്റാന്‍ഡ്, കുന്നുംപുറം, കോട്ടയ്ക്കല്‍ ടൗണിനോട് അടുത്ത പ്രദേശങ്ങള്‍ എന്നിവിടങ്ങളിലാണ് ഇന്നലെ ഷൂട്ടിങ് നടന്നത്.

എറണാകുളം, ചെന്നൈ, തിരുവനന്തപുരം,തേനി എന്നിവിടങ്ങളാണ് മറ്റ് ഷൂട്ടിങ് ലൊക്കേഷനുകള്‍. ദിലീപിനെ നായകനാക്കി നവാഗതനായ രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന സിനിമയാണ് കമ്മാരസംഭവം. ഗ്രാന്‍ഡ് ഫിലിംസിന്റെ ബാനറില്‍ 20 കോടി രൂപ ചെലവിട്ട് ഗോകുലം ഗോപാലനാണ് സിനിമയുടെ നിര്‍മ്മാണം.

ദിലീപിന്റെ കരിയറിലെ ബിഗ് ബജറ്റ് പടമായിരിക്കും ഇത്. രണ്ടാം ലോക മഹായുദ്ധം ഉള്‍പ്പെട ഒരു കാലഘട്ടത്തിലെ കഥ പറയുന്ന സിനിമയില്‍ തമിഴ് നടന്‍ സിദ്ധാര്‍ത്ഥും പധ്രാന വേഷത്തില്‍ അഭിനയിക്കുന്നുണ്ട്. നടന്‍ മുരളി ഗോപിയാണ് കമ്മാരസംഭവത്തിന് വേണ്ടി തിരക്കഥ ഒരുക്കിയിരിക്കുന്നത്. നടി നമിത പ്രമോദാണ് ചിത്രത്തിലെ നായിക.