‘കേരളം എല്ലാവര്‍ക്കും സുരക്ഷിതമായ ഇടം; ഒരു ആക്രമണവും ഉണ്ടാവില്ല’: തെറ്റായ പ്രചരണങ്ങളില്‍ വീണുപോകരുതെന്ന് ഡിജിപി

single-img
10 October 2017

തിരുവനന്തപുരം: കേരളത്തിനെതിരായ തെറ്റായ പ്രചരണങ്ങളില്‍ വീണുപോകരുതെന്ന് ഇതര സംസ്ഥാന തൊഴിലാളികളോട് പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. സമൂഹ മാധ്യമങ്ങളില്‍ കേരളത്തില്‍ അന്യസംസ്ഥാന തൊഴിലാളികളെ ആള്‍ക്കൂട്ടം കൊലപ്പെടുത്തുകയാണെന്ന തരത്തിലുള്ള തെറ്റായ സന്ദേശത്തിനെതിരേയാണ് ഡിജിപി രംഗത്തെത്തിയത്.

കേരളത്തില്‍ ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ഇവിടം എല്ലാവര്‍ക്കും സുരക്ഷിതമാണെന്നും ഡിജിപി വ്യക്തമാക്കി. ഇവിടെ ഒരു ആക്രമണവും ആര്‍ക്കെതിരെയും ഉണ്ടാകുന്നില്ല. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം തുടങ്ങിയെന്ന് ഡിജിപി തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

കേരളത്തെ അപമാനിക്കാന്‍ നടക്കുന്ന കൂട്ടായ പ്രചരണമാണ് ഇതെന്നും അദ്ദഹം വിശദീകരിച്ചു. തെറ്റായ സന്ദേശങ്ങളില്‍ ആരും കുടുങ്ങരുതെന്ന് അദ്ദേഹം ഹിന്ദിയിലും ബംഗാളിയിലും അഭ്യര്‍ഥിച്ചു. എവിടെ നിന്നാണ് ഇത്തരത്തില്‍ സന്ദേശങ്ങള്‍ സൃഷ്ടിച്ചതെന്ന കാര്യം പോലീസ് പരിശോധിച്ചു വരികയാണ്. കേരളത്തിനെതിരായ ഇത്തരം പ്രചരണങ്ങളില്‍ ദുഃഖമുണ്ടെന്നും ഡിജിപി കൂട്ടിച്ചേര്‍ത്തു.

കേരളത്തിലെ ഹോട്ടലുകളില്‍ ജോലി ചെയ്യുന്ന ബംഗാളികള്‍ വ്യാപകമായി ആക്രമണത്തിന് ഇരയാവുന്നുവെന്നാണു സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. കോഴിക്കോട് മിഠായി തെരുവിലെ ഹോട്ടല്‍ ഉടമ പശ്ചിമബംഗാള്‍ സ്വദേശിയായ തൊഴിലാളിയെ അടിച്ചുകൊന്ന് കെട്ടിതൂക്കിയെന്ന ശബ്ദ സന്ദേശമാണ് വ്യാപകം.

വാട്‌സാപ്പ് ഗ്രൂപ്പുകള്‍ കേന്ദ്രീകരിച്ചാണ് പ്രചാരണം. ഉത്തരേന്ത്യയിലെ ആള്‍ക്കൂട്ട കൊലപാതകങ്ങളുടേതടക്കമുള്ള ഫോട്ടോകള്‍ ഉപയോഗിച്ചാണ് ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ ഭീതി പരത്തുന്നത്. ബംഗാളിലെ മിഡ്‌നാപൂര്‍ എന്ന സ്ഥലത്താണ് ഇത്തരത്തിലുള്ള സന്ദേശങ്ങള്‍ കൂടുതലും പ്രചരിക്കുന്നത്.

ഭീതിപരത്തുന്ന വിധത്തിലുള്ള നോട്ടീസ് വിതരണവും ഇവിടെ നടക്കുന്നുണ്ട്. കേരളത്തില്‍ ജോലി ലഭിക്കാതിരുന്ന ഏതോ ഇതര സംസ്ഥാനക്കാരനാണ് ഇത്തരം സന്ദേശങ്ങള്‍ക്കു പിന്നിലെന്നാണ് സംശയിക്കുന്നത്.

കേരളത്തെ അപകീര്‍ത്തിപ്പെടുത്താനും ഇവിടുത്തെ സമാധാനവും സൗഹൃദവും തകര്‍ക്കാനും ശ്രമിക്കുന്ന ശക്തികളാണ് ഈ നുണ പ്രചാരണത്തിന് പിന്നിലെന്നും ഇതിനെതിരെ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും മുഖ്യമന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചിരുന്നു.

ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് കേരളത്തില്‍ നല്ല പരിഗണനയാണ് ലഭിക്കുന്നതെന്നും സംസ്ഥാന സര്‍ക്കാര്‍ അവര്‍ക്ക് വേണ്ടി ഒട്ടേറെ ക്ഷേമപദ്ധതികള്‍ നടപ്പാക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി പിണറായി ഹിന്ദിയിലും ഫെയ്‌സ്ബുക്ക് പോസ്റ്റ് തയ്യാറാക്കിയിട്ടുണ്ട്.