കേരള ബാങ്ക് ചിങ്ങം ഒന്നിന് യാഥാര്‍ഥ്യമാകും

single-img
10 October 2017

തിരുവനന്തപുരം: കേരള സഹകരണ ബാങ്ക് രൂപീകരണം അടുത്ത വർഷം ചിങ്ങം ഒന്നിന് (2018 ആഗസ്റ്റ് 16ന്) പൂർത്തിയാകും. പദ്ധതി അവലോകനത്തിന് ശേഷം മുഖ്യമന്ത്രിയുടെ ഓഫീസ് വാർത്താക്കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

ഇടതുമുന്നണിയുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ പ്രധാനനിര്‍ദേശങ്ങളിലൊന്നായിരുന്നു കേരളാ ബാങ്ക്. ജില്ലാ സഹകരണ ബാങ്കും സംസ്ഥാന സഹകരണ ബാങ്കും ചേര്‍ത്താണ് കേരളാ ബാങ്ക് രൂപവത്കരിക്കുക. സഹകരണ ബാങ്കിങ് മേഖലയുടെ അടിമുടിയുള്ള മാറ്റമാണ് കേരളാ ബാങ്ക് എന്ന ആശയത്തിലൂടെ ഉദ്ദേശിക്കുന്നത്.

ബാങ്ക് തുടങ്ങുന്നതിന് ആർ.ബി.ഐക്ക് അപേക്ഷ നൽകിയിട്ടുണ്ട്. ജീവനക്കാരുടെ പുനർവിന്യാസം, നിക്ഷേപവായ്‌പാ പദ്ധതികളുടെ ഏകോപനം തുടങ്ങി ബാങ്കിന്റെ അടുത്ത അഞ്ചുവർഷത്തെ ബിസിനസ് പോളിസി എന്നിവ ആർ.ബി.ഐക്ക് സമർപ്പിച്ചു. സഹകരണ വകുപ്പിന്റെ ആധുനികവൽക്കരണം നല്ല നിലയിലാണ് മുന്നോട്ട് പോകുന്നത്. പ്രാഥമിക സഹകരണ ബാങ്കുകളുടെ ആധുനികവൽക്കരണത്തിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.