മകന്റെ അഴിമതിയെ കുറിച്ച് മിണ്ടാട്ടമില്ല: ‘ഇറ്റാലിയന്‍ കണ്ണട’ മാറ്റിയാല്‍ വികസനം കാണാമെന്ന് രാഹുലിനോട് അമിത് ഷാ

single-img
10 October 2017

അമേത്തി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെയും കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെയും രൂക്ഷ വിമര്‍ശനവും പരിഹാസവുമായി ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ രംഗത്ത്. സ്വന്തം മണ്ഡലത്തിലെ വികസനത്തെ കുറിച്ച് ചിന്തിക്കാതെ രാജ്യത്തെ വികസനത്തെ കുറിച്ച് വാചാലനാവുകയാണ് രാഹുലെന്ന് അമിത് ഷാ കുറ്റപ്പെടുത്തി.

ഇറ്റാലിയന്‍ കണ്ണടകള്‍ മാറ്റിയാല്‍ രാഹുലിന് മോദി സര്‍ക്കാരിന്റെ വികസനങ്ങള്‍ കാണാന്‍ കഴിയുമെന്നും ഷാ പരിഹസിച്ചു. യു.പി.എ സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതികളെ ബി.ജെ.പി സര്‍ക്കാര്‍ പേരുമാറ്റി അവതരിപ്പിക്കുകയാണെന്ന കോണ്‍ഗ്രസിന്റെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു ഷാ.

60 വര്‍ഷം രാജ്യം ഭരിച്ച പാര്‍ട്ടിയുടെ നേതാവാണ് മൂന്ന് വര്‍ഷത്തെ മോദി ഭരണത്തിന്റെ സര്‍ട്ടിഫിക്കറ്റ് ചോദിക്കുന്നതെന്നും അമിത് ഷാ കുറ്റപ്പെടുത്തി. അമേത്തിയിലെ കളക്ടറുടെ ഓഫീസ് പോലും രാഹുല്‍ഗാന്ധി ഇതുവരെ സന്ദര്‍ശിച്ചിട്ടില്ലെന്നും ഇവിടുത്തെ എം.പിയായി തിരഞ്ഞെടുത്തിട്ട് പോലും അദ്ദേഹത്തിന് അതിന് സാധിച്ചിട്ടില്ലെന്നും ഷാ പറയുന്നു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തോറ്റിട്ട് പോലും സ്മൃതി ഇറാനി ഇവിടെ എത്തുകയും വികസനപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ചെയ്തിരുന്നു. ഗുജറാത്തില്‍ കറങ്ങിനടക്കുന്നതിന് പകരം രാഹുല്‍ അമേത്തിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചേര്‍ന്ന് ഉത്തര്‍ പ്രദേശില്‍ വികസനം കൊണ്ടുവരുമെന്നും അമിത് ഷാ പറഞ്ഞു.

മോദി രാജ്യത്തിന് വേണ്ടി എന്താണ് ചെയ്തതെന്ന് രാഹുല്‍ ബാബ എപ്പോഴും ചോദിക്കാറുണ്ട്. എന്നാല്‍, ഇതേ ചോദ്യമാണ് ഷെഹസാദ (രാഹുല്‍ ഗാന്ധി)യോട് എനിക്ക് ചോദിക്കാനുള്ളത്. അമേത്തിയിലെ ജനങ്ങള്‍ക്ക് വേണ്ടി രാഹുലും പാര്‍ട്ടിയും എന്താണ് ചെയ്തത്. അമേത്തിയെ ലോകം അറിയുന്നത് നെഹ്‌റു കുടുംബത്തിന്റെ തട്ടകമായാണ്. എന്നാല്‍ അവിടെ വികസനമൊന്നും ഇതുവരെ ഉണ്ടായിട്ടില്ലെന്നും ഷാ വ്യക്തമാക്കി.

അതേസമയം പദ്ധതി വാഗ്ദാനങ്ങളുമായല്ല 2019 ല്‍ വോട്ട് അഭ്യര്‍ഥിക്കാനെത്തുക. പകരം പൂര്‍ത്തിയാക്കിയ പദ്ധതികളുടെ പട്ടികയുമായാണ് എത്തുക. മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ച 106 പദ്ധതികളെ കുറിച്ച് പറഞ്ഞ അമിത് ഷാ, ഒരുപക്ഷെ രാഹുല്‍ ഗാന്ധിക്ക് 106 വരെ എണ്ണാന്‍ അറിയില്ലായിരിക്കുമെന്നും പരിഹസിച്ചു. 2022ഓടെ ഉത്തര്‍പ്രദേശ് ഗുജറാത്തിനെ പോലെ വികസിക്കുമെന്നും അമിത് ഷാ പറഞ്ഞു.