അന്തി ചര്‍ച്ചകള്‍ ആരെയും നിര്‍ബന്ധിച്ചു കാണിക്കുന്നതല്ല; കണ്ടില്ലെങ്കില്‍ വേണ്ടെന്ന് വിനു വി ജോണിന്റെ പരിഹാസം

single-img
9 October 2017

അന്തി ചര്‍ച്ചകള്‍ ആരെയും നിര്‍ബന്ധിച്ചു കാണിക്കുന്നതല്ലെന്ന് ഏഷ്യാനെറ്റ് ന്യൂസ് അവര്‍ അവതാരകന്‍ വിനു വി ജോണ്‍. ചാനലുകളിലെ അന്തി ചര്‍ച്ചകളെക്കുറിച്ചും, അവതാരകരെ കുറിച്ചുമുള്ള പ്രേക്ഷകരുടെ അഭിപ്രായങ്ങള്‍ അറിയാന്‍ കേരളത്തിലെ പ്രമുഖ ഓണ്‍ലൈന്‍ വാര്‍ത്താ മാധ്യമമായ ഇ വാര്‍ത്ത പോളിംഗ് ക്യാംപെയിന്‍ നടത്തിയിരുന്നു.

ഇതില്‍ പങ്കെടുത്ത 2 ലക്ഷം ആളുകളില്‍ 1.5 ലക്ഷത്തോളം ആളുകളും അന്തിചര്‍ച്ചകള്‍ വേണ്ടെന്ന നിലപാടാണ് സ്വീകരിച്ചത്. ഇക്കാര്യത്തെ കുറിച്ച് അഭിപ്രായം ആരാഞ്ഞപ്പോള്‍ പരിഹാസ രൂപേണയായിരുന്നു വിനുവിന്റെ പ്രതികരണം.

‘ഞാനെന്തു പറയാനാ… വേണ്ടങ്കില്‍ വേണ്ട…. അത്രയല്ലേയുള്ളൂ കാര്യം.. ആരെയും നിര്‍ബന്ധിച്ചു കാണിക്കുന്നില്ലല്ലോ’.. ഇത്രയും പറഞ്ഞ് വിനു ഫോണ്‍ കട്ട് ചെയ്യുകയായിരുന്നു.

ചാനലുകളിലെ അന്തി ചര്‍ച്ചകള്‍ ഇനിയും തുടരുകയാണെങ്കില്‍ മാനേജ്‌മെന്റ് മൂക്കുകയര്‍ ഇടേണ്ടത് ഏത് അവതാരകനെ എന്ന ചോദ്യത്തിന് വിനു വി ജോണ്‍ എന്നാണ് കൂടുതല്‍ പേരും അഭിപ്രായപ്പെട്ടത്. ആര് നയിക്കുന്ന അന്തി ചര്‍ച്ച കാണാനാണ് നിങ്ങള്‍ ഇഷ്ടപ്പെടുന്നത് എന്ന ചോദ്യത്തിലും വിനു വി ജോണിന് മൂന്നാം സ്ഥാനമാണ് പ്രേക്ഷകര്‍ നല്‍കിയത്.

അന്തി ചര്‍ച്ചകള്‍ സമൂഹത്തിന് ഒരു ഗുണവും ചെയ്യുന്നില്ലെന്നും അന്തി ചര്‍ച്ചകള്‍ നിര്‍ത്താറായെന്നും പോളിംഗ് ക്യാംപെയിനില്‍ പങ്കെടുത്ത 78 ശതമാനം ആളുകളും അഭിപ്രായപ്പെടുന്നു.