കേരളത്തെ അപമാനിച്ച് സംഘികളുടെ വാട്‌സ് ആപ് ഗ്രൂപ്പുകള്‍: “കേരളത്തില്‍ വികസനമില്ല; തെണ്ടിനടന്ന് കടല്‍ കടന്നവര്‍ അധ്വാനിച്ചു ഉണ്ടാക്കിയ പണമാണ് കേരളത്തില്‍”: പ്രവാസികളെയും അപമാനിച്ചു

single-img
9 October 2017

ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷാ യാത്ര ഉദ്ദേശിച്ച ഗുണം ഉണ്ടാക്കിയില്ലെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. കേരളത്തെക്കുറിച്ച് ഇല്ലാത്ത കാര്യങ്ങളാണ് യാത്രയില്‍ പങ്കെടുത്ത ബിജെപിയുടെ ദേശീയ നേതാക്കള്‍ പടച്ചുവിട്ടിരുന്നത്.

ഇതെല്ലാം ദേശീയ മാധ്യമങ്ങള്‍വരെ പൊളിച്ചടുക്കിയതോടെ ബിജെപിക്ക് നില്‍ക്കകള്ളിയില്ലാത്ത അവസ്ഥയാണ്. ഈ സാഹചര്യത്തിലാണ് കേരളത്തിനെതിരെ സംഘികള്‍ വ്യാജപ്രചരണവുമായി എത്തിയിരിക്കുന്നത്. ദേശീയനേതാക്കള്‍ പറഞ്ഞതുപോലെ വരുത്തി തീര്‍ക്കാനാണ് ഇവര്‍ പെടാപ്പാടു പെടുന്നത്.

കേരളത്തില്‍ വികസനം ഇല്ലെന്നും വ്യവസായം ഇല്ലെന്നും സംഘികള്‍ പറയുന്നു. മദ്യപിക്കുന്നവരെയും ലോട്ടറി എടുക്കുന്നവരെയും പ്രവാസികളെയും ഇവര്‍ ഈ സന്ദേശത്തിലൂടെ അപമാനിക്കുകയാണ് ചെയ്യുന്നത്. സാധാരണക്കാരനെ മദ്യം കുടിപ്പിച്ചും അവന്റെ പ്രതീക്ഷകളെ ലോട്ടറിയില്‍ കൂടി എടുപ്പിച്ചും ജീവിക്കാന്‍ വേണ്ടി നാട് കടന്ന പ്രവാസികളുടെ കാലു നക്കിയും ആണ് കേരളം ഇന്ന് ഈ കാണുന്ന കേരളം ആയതെന്നാണ് സംഘികളുടെ അവകാശവാദം.

വാട്‌സ് ആപിലൂടെ പ്രചരിക്കുന്ന സന്ദേശം ഇതാണ്:

കേരളത്തെ മറ്റുള്ള സംസ്ഥാനം ആയി താരതമ്യപെടുത്തി കേരളം വികസിച്ചു ആകാശം മുട്ടി സാക്ഷരതയുടെ കാര്യത്തില്‍ വളര്‍ന്നു പന്തലിച്ചു എന്നൊക്കെയുള്ള രീതിയില്‍ പോസ്റ്റ് ഇടുന്നവരെ ക്ഷണിക്കുന്നു. ആദ്യത്തെ ചോദ്യം വളരെ ലളിതം.. ആരാണ് കേരളത്തില്‍ ഈ വികസനം കൊണ്ട് വന്നത്?

രണ്ടാമത്തെ ചോദ്യം അതിലും ലളിതം… ഈ വികസനം കൊണ്ട് വരാന്‍ സംസഥാനത്തിന്റെ വരുമാന മാര്‍ഗം എന്തൊക്കെ? (അക്കം ഇട്ടു പറഞ്ഞാല്‍ സൗകര്യമായി)

മൂന്നാമത്തെ ചോദ്യം.. കേരളത്തില്‍ ലാഭത്തില്‍ ഓടുന്ന ഉത്പാദനം ഉള്ള ഒരു വ്യവസായം ഏതെന്നു പറഞ്ഞു തരാമോ?

ഇനി എന്റെ ഉത്തരം ഇവിടെ കുറിക്കുന്നു…

ഇടത് വലത് രാഷ്ട്രീയ പാര്‍ട്ടികള്‍ ഭരിച്ചു മുടിച്ചത് കൊണ്ടാണ് കേരളം വളര്‍ന്നത് എന്നതാണ് ആകെ കൂടിയുള്ള ഉത്തരം… എങ്ങനെ എന്നല്ലേ?

കേരളത്തിന്റെ ഇന്നത്തെ വരുമാനത്തിന്റെ പട്ടിക എടുത്തു നോക്കിയാല്‍ ബിവറേജ്, NRI പണം, ലോട്ടറി ഇത് അല്ലാതെ മറ്റൊന്ന് കാണണം എങ്കില്‍ മഷി ഇട്ടു നോക്കണം.

അതായത് സാധാരണക്കാരനെ മദ്യം കുടിപ്പിച്ചും അവന്റെ പ്രതീക്ഷകളെ ലോട്ടറിയില്‍ കൂടി എടുപ്പിച്ചും ജീവിക്കാന്‍ വേണ്ടി നാട് കടന്ന പ്രവാസികളുടെ കാലു നക്കിയും ആണ് കേരളം ഇന്ന് ഈ കാണുന്ന കേരളം ആയത്… തര്‍ക്കം ഉള്ളവര്‍ക്ക് കൃത്യമായി കേരളത്തിന്റെ വരുമാനം പറഞ്ഞു തെളിയിക്കാം..

ദഹിക്കാത്തവര്‍ക്ക് ഒന്ന് കൂടി ഗഹനമായി ചിന്തിക്കാം.. കേരളത്തില്‍ ഉള്ള വ്യവസായം എന്തൊക്കെയാണ് നിങ്ങളുടെ അറിവില്‍?

കല്യാണ്‍ സാരീസ് പോലെ ഉള്ള വസ്ത്ര വ്യാപാരികള്‍.. മലബാര്‍ ഗോള്‍ഡ് പോലെ ഉള്ള സ്വര്‍ണ വ്യാപാരികള്‍… ASSET HOMES പോലെ ഉള്ള റിയല്‍ എസ്റ്റേറ്റ് ബിസിനസുകാര്‍… 5സ്റ്റാര്‍ മുതല്‍ ഉള്ള ഹോട്ടല്‍ ബിസിനസുകാര്‍.. കാര്‍ ബൈക്ക് പോലെ ഉള്ള ഓട്ടോമോട്ടീവ് ബിസിനസ് .. വിദ്യാഭ്യാസ കച്ചവടം നടത്തുന്ന സ്ഥാപനങ്ങള്‍ ഇതൊക്കെ അല്ലാതെ എന്താണ് കേരളത്തിലെ വ്യവസായം?

അപ്പോള്‍ ന്യായമായും തോന്നും ഇതൊന്നും വ്യവസായം അല്ലെ എന്ന്.. ആണ്.. പക്ഷെ ഉപഭോഗ സംസ്‌കാരം ആണെന്ന് മാത്രം.. വസ്ത്ര വ്യാപാരികള്‍ക്ക് തുണികള്‍ നിര്‍മിച്ചു കൊടുക്കുന്ന ഒരു കൂട്ടര്‍ ഉണ്ട്.. അവര്‍ കേരളത്തിന് പുറത്താണ്. അത് പണം കൊടുത്താണ് കേരളം വാങ്ങുന്നത്… അതായത് ഉത്പാദനം അല്ല കേരളത്തില്‍ നടക്കുന്നത് വിപണനം മാത്രമാണ് … അരി ആയാലും ഗോതമ്പ് ആയാലും എല്ലാം അവസ്ഥ ഇത് തന്നെ…

അപ്പോള്‍ കേരളത്തിന്റെ കൈയില്‍ ഉള്ളത് പണമാണ് ഉത്പങ്ങള്‍ അല്ല.. അവിടെയാണ് ചോദ്യം… ഈ പണം കേരളത്തില്‍ എങ്ങനെ എത്തി? സ്വന്തമായി ഒരു ഉത്പന്നങ്ങള്‍ പോലും ഇല്ലാത്ത സംസ്ഥാനത്തില്‍ എങ്ങനെ കോടികള്‍ മാര്‍ക്കറ്റില്‍ എത്തുന്നു… ഉത്തരം കിട്ടുന്നത് വരെ ചോദിക്കുക…

ചെന്നെത്തുന്നത് പ്രവാസികളില്‍ ആയിരിക്കും… ബിവറേജില്‍ ആയിരിക്കും… ലോട്ടറിയില്‍ ആയിരിക്കും… അപ്പോള്‍ ആദ്യത്തെ പോയിന്റില്‍ എത്തി നില്‍കുന്നു…

ഇടതനും വലതനും ഭരിച്ചു മുടിച്ച കേരളത്തില്‍ നിന്നും തൊഴില്‍ ഇല്ലാതെ തെണ്ടി നടന്ന് ജോലി തേടി ഒരു വിഭാഗം കടല്‍ കടന്നു… അവിടെ അവര്‍ അധ്വാനിച്ചു ഉണ്ടാക്കിയ പണം കേരളത്തില്‍ എത്തി… ആ പണം റിയല്‍ എസ്റ്റേറ്റ് മുതല്‍ സ്വര്‍ണ വ്യാപാരികളില്‍ മുതല്‍ മീന്‍ ചന്ത വഴി വരെ മാര്‍ക്കറ്റില്‍ എത്തി…

ഇങ്ങനെ ജനങ്ങള്‍ വളര്‍ത്തിയ സമ്പദ് ഘടനയെ ആണ് ഒരു ഉളുപ്പും ഇല്ലാതെ കേരളത്തെ വികസിപ്പിച്ചു എന്ന് നാണം കെട്ട കോടിയേരിയെ പോലെ ഉള്ളവര്‍ വീമ്പ് അടിച്ചു നടക്കുന്നത്!. ഉണ്ടായിരുന്ന കശുവണ്ടി വ്യവസായം സംരക്ഷിക്കാന്‍ സാധിച്ചിട്ടില്ല…

ഉണ്ടായിരുന്ന റബ്ബര്‍ വ്യവസായം പ്രോത്സാഹിപ്പിക്കാന്‍ സാധിച്ചില്ല… കയര്‍ വ്യവസായം നശിച്ചു നാറാണ കല്ല് കണ്ടു… ഉണ്ടായിരുന്ന ഓട് ഫാക്ടറികള്‍ പൂട്ടിച്ചു… കണ്ണൂരിലും മറ്റും ഉണ്ടായിരുന്ന നെയ്ത്തു ശാലകള്‍ പൂട്ടിച്ചു… വരുന്ന വ്യവസായങ്ങള്‍ സകലതും തൊഴിലാളി സമരം നടത്തി നാട് കടത്തി…

എന്നിട്ടും കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടിക്കാര്‍ക്ക് സ്വന്തമായി വരുമാനം കണ്ടെത്തി സംസ്ഥാനം വികസിപ്പിച്ച ഇതര സംസ്ഥാന സര്‍ക്കാരുകളെ പുച്ഛം….
Fwd as recvd
ഇതരസംസ്ഥാന തൊഴിലാളികളെ മലയാളികള്‍ കൂട്ടത്തോടെ കൊന്നൊടുക്കുന്നുവെന്ന വ്യാജപ്രചരണത്തെ തുടര്‍ന്ന് പലയിടത്തുനിന്നും ഇതരസംസ്ഥാന തൊഴിലാളികള്‍ നാട്ടിലേക്ക് മടങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഇതിനിടയിലാണ് ഇത്തരത്തിലുള്ള സന്ദേശങ്ങളും സംഘികള്‍ വാട്‌സാപ്പിലൂടെ പ്രചരിപ്പിക്കുന്നത്.

അന്യസംസ്ഥാന തൊഴിലാളികളുടെ തിരിച്ചുപോക്കോടെ നൂറുകണക്കിന് ഹോട്ടലുടമകള്‍ പ്രതിസന്ധിയിലായിരിക്കുകയാണ്. ഇതര സംസ്ഥാന തൊഴിലാളികളാണ് മിക്ക ഹോട്ടലുകളിലും ജോലി ചെയ്യുന്നത്. കോഴിക്കോട് മിഠായി തെരുവിലെ ഹോട്ടല്‍ ഉടമ പശ്ചിമബംഗാള്‍ സ്വദേശിയായ തൊഴിലാളിയെ അടിച്ചുകൊന്ന് കെട്ടിതൂക്കിയെന്ന ശബ്ദ സന്ദേശമാണ് ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ വ്യാപകമായി പ്രചരിക്കുന്നത്.

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വാട്‌സ്ആപ് ഗ്രൂപ് വഴിയാണ് കേരളത്തിനെതിരെ ഇത്തരത്തില്‍ വ്യാജപ്രചാരണം നടത്തുന്നത്. കേരളത്തിലുള്ളവര്‍ക്ക് ജോലി കുറഞ്ഞതിനെ തുടര്‍ന്ന് ഇതര സംസ്ഥാന തൊഴിലാളികളെ കൊല്ലുന്നുവെന്നാണ് വ്യാജ സന്ദേശങ്ങളുടെ ഉള്ളടക്കം.

വ്യാജ സന്ദേശങ്ങള്‍ വലിയ തോതില്‍ ബംഗാള്‍ അടക്കമുള്ള സംസ്ഥാനങ്ങളില്‍ പ്രചരിച്ചതോടെയാണ് തൊഴിലാളികള്‍ക്കിടയില്‍ ആശങ്ക ശക്തമായത്. ബംഗാള്‍, ഒഡീഷ്യ സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവര്‍ക്കിടയിലാണ് ഇത്തരം സന്ദേശങ്ങള്‍ പ്രധാനമായും പ്രചരിക്കുന്നത്.

സന്ദേശങ്ങള്‍ പ്രചരിച്ചതോടെ മടങ്ങിയെത്തുവാന്‍ ആവശ്യപ്പെട്ട് ബന്ധുക്കള്‍ ഫോണ്‍ ചെയ്യുന്നതായി തൊഴിലാളികള്‍ പറയുന്നു. ഇതേ തുടര്‍ന്ന് 200ഓളം തൊഴിലാളികള്‍ നാട്ടിലേക്ക് മടങ്ങിയതായി റിപ്പോര്‍ട്ടുണ്ട്. അതേസമയം വ്യാജ പ്രചാരണമാണ് നടക്കുന്നതെന്ന് ഇതര സംസ്ഥാന തൊഴിലാളികളും സമ്മതിക്കുന്നുണ്ട്.

എന്നാല്‍ തൊഴിലാളികള്‍ കൂട്ടത്തോടെ തിരിച്ചുപോകുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. ഇതോടെ കോഴിക്കോട് നഗരത്തില്‍ രണ്ടു ദിവസത്തിനുള്ളില്‍ രണ്ട് ഹോട്ടലുകള്‍ക്ക് അടച്ച് പൂട്ടി. വിവരം പുറത്ത് വന്നതോടെ പോലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വ്യാജ സന്ദേശങ്ങള്‍ വന്ന ഗ്രൂപ്പുകളിലെ അഡ്മിന്‍മാരെ കേന്ദ്രീകരിച്ചാണ് വിവര ശേഖരണം. സന്ദേശങ്ങള്‍ ആദ്യം പോസ്റ്റ് ചെയ്തതായി കരുതുന്ന മൂന്ന് നമ്പരുകള്‍ പോലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് സൂചന.