സാമ്പത്തിക രംഗത്ത് ഉയര്‍ച്ച കണ്ടു തുടങ്ങിയെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍

single-img
9 October 2017

മുംബൈ: സമ്പദ് വ്യവസ്ഥയില്‍ വളര്‍ച്ചയുടെ സൂചനകള്‍ കണ്ടുതുടങ്ങിയെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍. ഈ സാമ്പത്തികവര്‍ഷത്തിന്റെ അവസാനത്തെ രണ്ടു പാദങ്ങളില്‍ സാമ്പത്തിക വളര്‍ച്ച ഏഴ് ശതമാനം കവിയുമെന്നും അദ്ദേഹം പറഞ്ഞു.

‘ലൈവ് മിന്റി’ന് നല്‍കിയ അഭിമുഖത്തിലാണ് ഉര്‍ജിത് പട്ടേല്‍ ഇക്കാര്യം വ്യക്തമാക്കിയത്. സാമ്പത്തിക രംഗത്ത് ഉയര്‍ച്ച കണ്ടു തുടങ്ങിയെന്നും വാണിജ്യമേഖലയില്‍ ഓഗസ്റ്റിനെ അപേക്ഷിച്ച് മൂന്ന് ശതമാനത്തിന്റെ വര്‍ധനയുണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.

വ്യാവസായികോല്‍പാദനത്തില്‍ 4.9 ശതമാനം വര്‍ധനവുണ്ടായി. വാഹനവിപണിയില്‍ അടക്കം പുതിയ മുന്നേറ്റം കാണാന്‍ സാധിക്കുമെന്നും ഉര്‍ജിത് പട്ടേല്‍ പറഞ്ഞു. സാമ്പത്തിക വളര്‍ച്ച സംബന്ധിച്ച് തീര്‍ച്ചയായും റിസര്‍വ് ബാങ്കിന് പദ്ധതികളുണ്ടെന്നും സാമ്പത്തിക വളര്‍ച്ചയ്ക്ക് കോട്ടം തട്ടാതെ തന്നെ പണപ്പെരുപ്പ നിരക്ക് പിടിച്ചുനിര്‍ത്തുക എന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയെപ്പോലുള്ള സമ്പദ് വ്യസ്ഥയെ സംബന്ധിച്ചിടത്തോളം, അനുയോജ്യമായ പലിശ നിരക്ക് നിക്ഷേപം വര്‍ധിപ്പിക്കുന്നതിന് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ഏപ്രില്‍ ജൂണ്‍ പാദത്തില്‍ സാമ്പത്തിക വളര്‍ച്ച 5.7 ശതമാനമായി കുറഞ്ഞ് മൂന്നു വര്‍ഷത്തെ താഴ്ചയിലെത്തിയിരുന്നു.

ഈ മാസം ആദ്യം അടിസ്ഥാന വായ്പാ നിരക്കുകളില്‍ മാറ്റം വരുത്താതെ റിസര്‍വ്വ് ബാങ്ക് വായ്പാ നയം പ്രഖ്യാപിച്ചിരുന്നു. അതു വഴി റിസര്‍വ്വ് ബാങ്ക് ഇക്കൊല്ലത്തെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് 6.7 ശതമാനമായി പുന:ര്‍നിര്‍ണയിക്കുകയും ചെയ്തു.