പല്ലില്ലാത്ത മോണ കാട്ടിയുള്ള അവന്റെ ചിരി കണ്ടോ?: കാക്കിക്കുള്ളിലെ മനുഷ്യഹൃദയം തിരിച്ചറിഞ്ഞ സന്തോഷമാണത്

single-img
9 October 2017


ഹൈദരാബാദ്: തെരുവില്‍ ഭിക്ഷയാചിച്ച് ജീവിച്ചിരുന്ന 21കാരിയായ ഹുമേറാ ബീഗത്തിന് കാണാതായ പെന്നോമനയെ തിരിച്ച് നല്‍കി ഹൈദരാബാദ് പോലീസ്. ബുധനാഴ്ച പുലര്‍ച്ചെ 4.30 നാണ് സംഭവം. നാലു മാസം പ്രായമുളള മകനെയും നെഞ്ചോട് ചേര്‍ത്ത് തെരുവില്‍ കിടന്നുറങ്ങുകയായിരുന്ന ഭിക്ഷാടകയായ ഹുമേറ ബീഗം ഉറക്കമെണീറ്റപ്പോഴാണ് മകനെ കാണാനില്ലെന്ന വിവരം അറിഞ്ഞത്.

ഉടന്‍ തന്നെ അവര്‍ മാമ്പള്ളി പോലീസിന്റെ സഹായം തേടുകയായിരുന്നു. എന്നാല്‍ ഹൈദരാബാദ് പൊലീസ് ആ അമ്മയുടെ കണ്ണുനീര്‍ കണ്ടില്ലെന്നു നടിച്ചില്ല. കുഞ്ഞിനെ കണ്ടെത്താന്‍ പൊലീസ് ഒന്നടങ്കം രംഗത്തിറങ്ങി. 15 മണിക്കൂര്‍ കൊണ്ട് അവര്‍ കുഞ്ഞിനെ കണ്ടെടുക്കുകയും ചെയ്തു.

പ്രതികളെ അറസ്റ്റ് ചെയ്ത് ആ കുരുന്നിനെ ഏറ്റുവാങ്ങിയപ്പോള്‍ അവന്‍ തന്റെ പല്ലില്ലാത്ത മോണ കാട്ടി പോലീസുദ്യോഗസ്ഥനെ നോക്കി ചിരിച്ചു. നാമ്പളളി പൊലീസ് സ്റ്റേഷനിലെ എസ്‌ഐ ആര്‍.സഞ്ജയ് കുമാറിന് തന്റെ ജീവിതത്തിലെ ഒരിക്കലും മറക്കാനാവാത്ത നിമിഷമായിരുന്നു അത്.

ഹൈദരാബാദ് അഡീഷണല്‍ കമ്മീഷണര്‍ സ്വാതി ലാക്‌റയാണ് ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. 20000ത്തോളം പേരാണ് ഈ ചിത്രം ഫെയ്‌സ്ബുക്കിലൂടെയും ട്വിറ്ററിലൂടെയും ഷെയര്‍ ചെയ്തത്. തെരുവോരത്തെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് പ്രതികളായ 42 കാരന്‍ മുഹമ്മദ് മുഷ്താഖിനെയും 25 കാരന്‍ മുഹമ്മദ് യൂസഫിനെയും തിരിച്ചറിഞ്ഞത്.

മുഷ്താഖിന്റെ ബന്ധുവിന് ഒരു കുഞ്ഞിനെ ദത്തെടുക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ഇത് മുഷ്താഖിനോട് പറയുകയും ചെയ്തിരുന്നു. ഇതാണ് കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാന്‍ ഇരുവരെയും പ്രേരിപ്പിച്ചത്.

കുഞ്ഞിനെ തട്ടിയെടുത്ത് ബന്ധുവിന്റെ അടുത്ത് പോയപ്പോള്‍ മാതാപിതാക്കള്‍ ഇല്ലാതെ സ്വീകരിക്കാന്‍ കഴിയില്ലെന്നു പറഞ്ഞു. തുടര്‍ന്ന് കുഞ്ഞിനെയും കൊണ്ട് തിരികെ വീട്ടിലേക്ക് മടങ്ങവേയാണ് ഇരുവരും പൊലീസ് പിടിയിലായത്.