“അമിത് ഷാ അതിരുകടക്കുന്നു”: രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

single-img
9 October 2017

ബിജെപി അധ്യക്ഷന്‍ അമിത് ഷായ്‌ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്. ബിജെപി അധ്യക്ഷന്റെ അമിതാവേശം അതിരുകടക്കുന്നുവെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

കേരളത്തില്‍ നിലനില്‍പ്പില്ലെന്ന് ബോധ്യപ്പെട്ടപ്പോഴാണ് അമിത് ഷാ പച്ചക്കള്ളങ്ങളും പ്രകോപനപ്പെരുമഴയുമായി ഇറങ്ങിയത്. ആ നൈരാശ്യവും ദയനീയാവസ്ഥയും മനസിലാക്കാവുന്നതേയുള്ളുവെന്നും പിണറായി വിജയന്‍ കുറ്റപ്പെടുത്തി.
കുറിപ്പിന്റെ പൂര്‍ണരൂപം:

ബിജെപി അധ്യക്ഷന്റെ മത ജാതി വിദ്വേഷധനാധിപത്യ രാഷ്ട്രീയത്തിന് കേരളത്തില്‍ ഇടമില്ല. അതു ബോധ്യപ്പെട്ടപ്പോഴാണ് പച്ചക്കള്ളങ്ങളും പ്രകോപനപ്പെരുമഴയുമായി അദ്ദേഹം ഇറങ്ങിയത്. ആ നൈരാശ്യവും ദയനീയാവസ്ഥയും മനസ്സിലാക്കാവുന്നതേയുള്ളു.

കേന്ദ്രഭരണ കക്ഷിയാണെന്നോ അതിന്റെ അധ്യക്ഷനാണെന്നോ ബോധമില്ലാതെ ആര്‍എസ്എസ് അജണ്ട കേരളത്തിന്റെ നെഞ്ചില്‍ കുത്തിക്കയറ്റാനുള്ള അമിത് ഷായുടെ വിഫല മോഹത്തില്‍ സഹതപിക്കുന്നു.

താങ്കള്‍ ഇന്ത്യ ഭരിക്കുന്ന കക്ഷിയുടെ അധ്യക്ഷനാണ്. രാജ്യത്തു ജനാധിപത്യപരമായി പ്രവര്‍ത്തിക്കുന്ന മറ്റൊരു രാഷ്ട്രീയ കക്ഷിയായ സിപിഐഎമ്മിന്റെ ഓഫീസിലേക്ക് അനുയായികളെ അണിനിരത്തി മാര്‍ച്ച് നയിച്ചത് ജനാധിപത്യ മര്യാദയുടെ ലംഘനമാണ്. താങ്കള്‍ക്കുള്ള പ്രേരണ ആര്‍എസ്എസ് ആജ്ഞയോ അതിന്റെ ജനാധിപത്യ വിരുദ്ധ രാഷ്ട്രീയത്തോടുള്ള പ്രണയമോ?

രണ്ടായാലും, ശ്രീ അമിത് ഷാ ജനാധിപത്യത്തിന്റെ വിപരീത ദിശയിലാണ് താങ്കളുടെ സഞ്ചാരം.