കശ്മീരിലെ ഏറ്റുമുട്ടലില്‍ ജെയ്‌ഷെ ഭീകരനെ സൈന്യം വധിച്ചു

single-img
9 October 2017


കശ്മീരിലെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കിയിരുന്ന ജയ്‌ഷെ മുഹമ്മദ് നേതാവ് അബു ഖാലിദ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. കശ്മീരിലെ ബാരാമുള്ള ജില്ലയിലെ ലദൂരയില്‍ സൈന്യവുമായി നടന്ന ഏറ്റുമുട്ടലിലാണ് ഖാലിദ് കൊല്ലപ്പെട്ടത്.

ബാരാമുള്ള ഹന്ദ്വാര ഹൈവേയിലെ കെട്ടിടത്തില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നു എന്ന വിവരത്തെത്തുടര്‍ന്ന് സൈന്യം ഇവിടെ പരിശോധന നടത്തുകയായിരുന്നു. തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലിനിടെ പരിക്കേറ്റ് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയില്‍ സൈന്യം ഇയാളെ വധിക്കുകയായിരുന്നു.

അതേസമയം, ഏറ്റുമുട്ടലില്‍ ഒരു ജൂനിയര്‍ കമ്മിഷന്‍ഡ് ഓഫിസര്‍ വീരമൃത്യു വരിച്ചു. ഖാലിദിനെ വധിക്കാനായത് ഇന്ത്യന്‍ സുരക്ഷാ സേനയുടെ പ്രധാനപ്പെട്ട നേട്ടങ്ങളിലൊന്നായാണ് കണക്കാക്കപ്പെടുന്നത്. വടക്കന്‍ കാശ്മീരിലെ ജെയ്‌ഷെ ആക്രമണങ്ങളുടെ സൂത്രധാരനായിരുന്നു ഇയാളെന്ന് സൈനികവൃത്തങ്ങള്‍ പറയുന്നു.

ഏതാനും ദിവസം മുന്‍പ് ഇന്ത്യയിലേക്ക് 12 ഭീകരരെ നുഴഞ്ഞുകയറാന്‍ സഹായിച്ചത് ഇയാള്‍ ആയിരുന്നു. കഴിഞ്ഞയാഴ്ച ശ്രീനഗര്‍ വിമാനത്താവളത്തില്‍ നടന്ന ചാവേര്‍ ആക്രമണത്തിനു പിന്നില്‍ ഖാലിദ് ആണെന്ന് സംശയമുണ്ട്.

അന്നത്തെ ആക്രമണത്തില്‍ ഒരു സൈനികന്‍ കൊല്ലപ്പെട്ടിരുന്നു. പാകിസ്താനില്‍ പരിശീലനം ലഭിച്ച ഖാലിദ് 12 ആം ഭീകര സംഘത്തിന്റെ കമാന്‍ഡര്‍ ആയിരുന്നു. സംഘത്തെ അതിര്‍ത്തി കടത്തികൊണ്ടുവന്നതും ഖാലിദ് ആണ്.

സോപോര്‍ കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ പ്രവര്‍ത്തനം. കഴിഞ്ഞ മാസം പുല്‍വാമയില്‍ പോലീസ് സ്റ്റേഷനു നേര്‍ക്കുണ്ടായ ചാവേര്‍ ആക്രമണത്തിനു പിന്നിലും ഇയാളെ സംശയിക്കുന്നുണ്ട്. അന്ന് എട്ട് സുരക്ഷാ ജീവനക്കാരാണ് കൊല്ലപ്പെട്ടത്.

രണ്ടു മാസം മുന്‍പ് ബാരാമുള്ളയില്‍ മൂന്നു സുരക്ഷാ ജീവനക്കാരെ വധിച്ചതിനു പിന്നിലും ഇയാളാണ്. കഴിഞ്ഞ വര്‍ഷം ബാരമുള്ളയില്‍ നിന്ന് ജെയ്‌ഷെയുടെ ഉപകരണങ്ങള്‍ ലഭിച്ചതോടെയാണ് ഇയാളിലേക്ക് അന്വേഷണം എത്തിയത്.