സാഹിത്യനിരൂപകനും ചലച്ചിത്രനിരൂപകനുമായ ഡോ. വിസി ഹാരിസ് അന്തരിച്ചു

single-img
9 October 2017


കോട്ടയം: സാഹിത്യനിരൂപകനും ചലച്ചിത്രനിരൂപകനും കോട്ടയത്തെ മഹാത്മാഗാന്ധി സര്‍വ്വകലാശാലയിലെ സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സ് ഡയറക്ടറുമായ ഡോ. വിസി ഹാരിസ് അന്തരിച്ചു. 59 വയസ്സായിരുന്നു.

ഏറ്റുമാനൂരിനടുത്തുവെച്ച് കഴിഞ്ഞ ആഴ്ചയുണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് കോട്ടയം മെഡിക്കല്‍ കോളsജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ഇന്ന് രാവിലെ ഉണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.

മാഹി സ്വദേശിയായ ഡോ ഹാരിസ് സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സിന്റെ തുടക്കകാലം മുതല്‍ അധ്യാപകനായിരുന്നു. മികച്ച അധ്യാപകനെന്ന നിലയില്‍ ശ്രദ്ധേയനായ അദ്ദേഹം സാഹിത്യ നിരൂപകന്‍, ചലച്ചിത്ര ഗവേഷകന്‍, നാടക, സിനിമാ അഭിനേതാവ്, സംവിധായകന്‍, വിവര്‍ത്തകന്‍, സാമൂഹ്യ പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനായിരുന്നു.

കേരളത്തിന്റെ അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഓപ്പണ്‍ ഫോറത്തില്‍ തുടക്കം മുതല്‍ മോഡറേറ്റര്‍ ആയിരുന്നു അദ്ദേഹം. നിരവധി പുരസ്‌കാരങ്ങള്‍ നേടിയ ജല മര്‍മ്മരം എന്ന സിനിമയിലെ മുഖ്യ വേഷം അവതരിപ്പിച്ചത് അദ്ദേഹമായിരുന്നു.

കാള്‍ മാര്‍ക്‌സിന്റെ ജീവിതം പ്രമേയമായ നാടകത്തില്‍ മുഖ്യവേഷമിട്ടതായിരുന്നു അവസാനമായി അദ്ദേഹത്തിന്റെ നാടക പ്രവര്‍ത്തനം. ഡോ. ഹാരിസ് ഈ വര്‍ഷം ആദ്യമായാണ് സ്‌കൂള്‍ ഒഫ് ലെറ്റേഴ്‌സ് ഡയറക്ടര്‍ ആയി നിയമിതനായത്.