ഹാദിയ കേസില്‍ സുപ്രീംകോടതിയില്‍ നാടകീയരംഗങ്ങള്‍: ഹാദിയയുടെ ഭാഗം കേള്‍ക്കണമെന്ന് സുപ്രീം കോടതി

single-img
9 October 2017

ന്യൂഡല്‍ഹി: വിവാദമായ ഹാദിയ കേസില്‍ സുപ്രീംകോടതിയുടെ നിര്‍ണായക നിരീക്ഷണം. ഹാദിയയുടെ വിവാഹം റദ്ദാക്കാന്‍ ഹൈക്കോടതിക്ക് എങ്ങനെ കഴിയുമെന്നു ചോദിച്ച സുപ്രീം കോടതി, ഹാദിയയ്ക്കു പറയാനുള്ളതു കേള്‍ക്കുമെന്നും വ്യക്തമാക്കി.

അവര്‍ക്കെന്താണ് പറയാനുള്ളതെന്നു കേള്‍ക്കണം. ഹാദിയയെ തടവിലാക്കാന്‍ പിതാവ് അശോകന് കഴിയില്ല. മാനസികാസ്വാസ്ഥ്യമില്ലാത്ത ഒരാള്‍ക്ക് സ്വന്തമായി തീരുമാനം എടുക്കാവുന്നതാണെന്നും കോടതി നിരീക്ഷിച്ചു. ഇക്കാര്യത്തില്‍ ഹാദിയയുടെ ഭാഗം കേള്‍ക്കണമെന്നും കോടതി പറഞ്ഞു.

എന്‍ഐഎ അന്വേഷണവും വിവാഹവും രണ്ടും രണ്ടാണെന്ന് കോടതി പറഞ്ഞു. കേസ് ഈ മാസം മുപ്പതിലേക്ക് മാറ്റി. വാദത്തിനിടെ, ഇരുവിഭാഗം അഭിഭാഷകരും തമ്മില്‍ വാക്കേറ്റമുണ്ടായി. ഷെഫിന്‍ ജഹാന്റെയും എന്‍ഐഎയുടെയും അഭിഭാഷകര്‍ തമ്മിലാണ് വാഗ്വാദമുണ്ടായത്.

എന്‍ഐഎ കേന്ദ്രസര്‍ക്കാരിന്റെ കയ്യിലെ പാവയാണെന്നു ഷെഫിന്‍ ജഹാന്റെ അഭിഭാഷകന്‍ ആരോപിച്ചു. അഭിഭാഷകന്‍ ബിജെപി നേതാക്കളുടെ പേര് പരാമര്‍ശിച്ചതും വിവാദമായി. കോടതിയില്‍ രാഷ്ട്രീയം പറയേണ്ടതില്ലെന്ന് വാദം കേട്ട ജഡ്ജി വ്യക്തമാക്കി. നിയമത്തിന്റെ പുറത്തുള്ള കാര്യങ്ങളില്‍ അഭിപ്രായം പറയേണ്ടതില്ലെന്നും കോടതി മുന്നറിയിപ്പ് നല്‍കി.

പിന്നീട് കേസ് തനിക്ക് ഈ നിലയില്‍ കേള്‍ക്കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. കേസിന്റെ നിയമപരമായ വശങ്ങള്‍ മാത്രമാണ് തങ്ങള്‍ പരിഗണിക്കുന്നതെന്നും അവിടെ രാഷ്ട്രീയ നേതാക്കളുടെ പേരുകള്‍ പരാമര്‍ശിച്ചതിനെ അപലപിക്കുന്നതായും കോടതി വ്യക്തമാക്കി. കേസ് ആദ്യം നവംബര്‍ 30 ലേക്ക് മാറ്റിവെക്കാനായിരുന്നു കോടതി തീരുമാനിച്ചത്.

എന്നാല്‍ ഹാദിയ ഭര്‍ത്താവ് ഷെഫിനില്‍ നിന്ന് വളരെക്കാലമായി അകന്ന് നില്‍ക്കുകയാണെന്നും എത്രയും വേഗം കേസ് കേള്‍ക്കണമെന്നും ദുഷ്യന്ത് ദവെ ആവശ്യപ്പെട്ടു. ഹാദിയയെ കേട്ടശേഷം കോടതി വേഗം ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തുടര്‍ന്നാണ് ഈ മാസം 30 ലേക്ക് കേസ് മാറ്റിയത്.

കേസില്‍ എന്‍.ഐ.എ അന്വേഷണം ആവശ്യമില്ലായിരുന്നുവെന്നാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നല്‍കിയിരിക്കുന്ന സത്യവാങ്മൂലം. കേസിന്റെ എല്ലാ വശങ്ങളും വിശദമായി പരിശോധിച്ചതാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

എന്‍.ഐ.എ അന്വേഷണത്തിന്റെ പരിധിയില്‍ വരുന്ന ഒന്നും കേസില്‍ കണ്ടെത്താനായിട്ടില്ലെന്ന് സംസ്ഥാന ക്രൈംബ്രാഞ്ച് ഡി.ജി.പിക്ക് നല്‍കിയ റിപ്പോര്‍ട്ടിലും പറയുന്നുണ്ട്. മതം മാറിയത് സ്വന്തം ഇഷ്ടപ്രകാരമാണെന്ന് ഹാദിയ മൊഴി നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഹാദിയയുമായുള്ള വിവാഹം അസാധുവാക്കിയ ഹൈക്കോടതി വിധിക്കെതിരെ കൊല്ലം സ്വദേശി ഷഫിൻ ജഹാൻ നൽകിയ ഹർജിയാണ് സുപ്രീം കോടതി പരിഗണിച്ചത്. ഹാദിയയും ഷഫിന്‍ ജഹാനും തമ്മിലുളള വിവാഹം റദ്ദുചെയ്യാന്‍ ഹൈക്കോടതിക്ക് അധികാരമുണ്ടോ, എന്‍ഐഎ അന്വേഷണം തുടരണോ എന്ന കാര്യങ്ങളാണു പരിശോധിക്കുന്നത്.

ഹാദിയയെ നേരില്‍ കണ്ട് റിപ്പോര്‍ട്ട് തയാറാക്കാന്‍ അനുവദിക്കണമെന്നു വനിതാ കമ്മിഷനും കേരളത്തിലെ ആസൂത്രിത മതപരിവര്‍ത്തനം അന്വേഷിക്കണമെന്ന് നിമിഷ എന്ന ഫാത്തിമയുടെ അമ്മ ബിന്ദുവും ഹര്‍ജി സമര്‍പ്പിച്ചിരുന്നു.