ഗോരഖ്പൂരിലെ ബിആര്‍ഡി മെഡിക്കല്‍ കോളേജില്‍ വീണ്ടും ശിശുമരണം; 24 മണിക്കൂറിനിടെ 16 കുട്ടികള്‍ മരിച്ചു

single-img
9 October 2017

ലഖ്‌നൗ: ഗോരഖ്പൂരിലെ ബിആര്‍ഡി മെഡിക്കല്‍ കൊളേജില്‍ വീണ്ടും ശിശുമരണം. 24 മണിക്കൂറിനിടെ 16 കുട്ടികളാണ് മരിച്ചത്. ഇതില്‍ പത്ത് കുട്ടികള്‍ എന്‍ഐസിയുവിലും മറ്റു കുട്ടികള്‍ പീഡിയാട്രിക് ഐസിയുവിലും പ്രവേശിപ്പിക്കപ്പെട്ടവരായിരുന്നു. ജപ്പാന്‍ ജ്വരം ബാധിച്ചാണ് കുട്ടികള്‍ മരിച്ചതെന്നാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ ഓഗസ്റ്റില്‍ ബിആര്‍ഡി മെഡിക്കല്‍ കോളേജില്‍ ഓക്‌സിജന്‍ ലഭിക്കാതെ ഒരാഴ്ചയ്ക്കിടെ 63 കുട്ടികള്‍ കൊല്ലപ്പെട്ടിരുന്നു. ആശുപത്രിയിലേക്കുള്ള ഓക്‌സിജന്‍ വിതരണം തടസപ്പെട്ടതോടെയാണ് കുട്ടികള്‍ മരിച്ചത്.

എന്നാല്‍ ഇപ്പോള്‍ കുഞ്ഞുങ്ങളുടെ മരണത്തിനിടയാക്കിയത് ഓക്‌സിജന്‍ ലഭിക്കാത്തതിനാലോ ചികിത്സ ലഭിക്കാത്തതിനാലോ അല്ലെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. അസുഖം വളരെ മൂര്‍ച്ഛിച്ചതിനു ശേഷമാണ് ഇവര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതെന്നും ആശുപത്രി അധികൃതര്‍ പ്രതികരിച്ചു.