ഗോധ്ര കൂട്ടക്കൊല: ഗുജറാത്ത് സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം; 11 പ്രതികളുടെ വധശിക്ഷ ജീവപര്യന്തമാക്കി

single-img
9 October 2017

ഗുജറാത്ത് കലാപത്തിന് തുടക്കമിട്ട 2002ലെ ഗോധ്ര ട്രെയിന്‍ കത്തിക്കല്‍ കേസില്‍ 11 പ്രതികളുടെ വധശിക്ഷ അഹമ്മദാബാദ് ഹൈക്കോടതി ജീവപര്യന്തമാക്കി കുറച്ചു. 20 പേരുടെ ജീവപര്യന്തവും 63 പേരെ കുറ്റവിമുക്തരാക്കിയ വിചാരണക്കോടതി ഉത്തരവും ഹൈക്കോടതി ശരിവച്ചു.

കൊല്ലപ്പെട്ട 59 പേരുടെയും ബന്ധുക്കള്‍ക്ക് സര്‍ക്കാര്‍ 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്നും കോടതി വ്യക്തമാക്കി. വിചാരണ കോടതി വിധിക്കെതിരെ വധശിക്ഷ ലഭിച്ച പ്രതികള്‍ സമര്‍പ്പിച്ച അപ്പീല്‍ പരിഗണിക്കവേയാണ് കോടതിയുടെ നിര്‍ദേശം.

വിധി പറയുന്നതിനിടെ ഗുജറാത്ത് സര്‍ക്കാരിന് രൂക്ഷമായ വിമര്‍ശനവും നേരിടേണ്ടിവന്നു. ക്രമസമാധാനം പാലിക്കുന്നതില്‍ അന്നത്തെ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നാണ് കോടതിയുടെ പരാമര്‍ശം.

2002 ഫെബ്രുവരി 27ന് രാവിലെയാണ് രാജ്യത്തെ ഞെട്ടിച്ച കൂട്ടക്കുരുതി ഉണ്ടായത്. അന്ന് രാവിലെ, സബര്‍മതി എക്‌സ്പ്രസ് ട്രെയിന്‍ ഗോധ്ര സ്റ്റേഷന്‍ വിട്ട് അധികനേരം കഴിയും മുന്‍പാണ് നൂറോളം വരുന്ന അക്രമികള്‍ ട്രെയിനിന് തീ കൊളുത്തിയത്.

തീവണ്ടിയിലെ എസ്.6 എന്ന കോച്ചാണ് അക്രമികള്‍ കത്തിച്ചത്. 24 പുരുഷന്മാരും 15 സ്ത്രീകളും 20 കുട്ടികളുമുള്‍പ്പടെ 59 ഹിന്ദു തീര്‍ത്ഥാടകരാണ് അന്ന് ജീവനോടെ എരിക്കപ്പെട്ടത്. അയോധ്യയില്‍ നിന്നും അഹമ്മദാബാദിലേയ്ക്ക് പോവുകയായിരുന്ന, ‘കര്‍സേവകര്‍’ എന്നറിയപ്പെടുന്ന വിശ്വഹിന്ദു പരിഷത് അംഗങ്ങളാണ് ആക്രമിക്കപ്പെട്ടത്.

1500 പേര്‍ക്കെതിരെയായിരുന്നു പൊലീസ് എഫ്‌ഐആര്‍ ഫയല്‍ ചെയ്തത്. 134 പേരെ പ്രതി ചേര്‍ത്തു. 14 പേരെ പിന്നീട് ഒഴിവാക്കി; അഞ്ചു പേര്‍ കുട്ടികളാണ്; അഞ്ചു പേര്‍ മരിച്ചു; 16 പേര്‍ ഒളിവിലാണ്. ബാക്കി 94 പേരുടെ കേസിലാണ് പ്രത്യേക കോടതി 2011ല്‍ വിധി പ്രഖ്യാപിച്ചത്.

ഉമര്‍ജിക്കു പുറമെ ഗോധ്ര മുനിസിപ്പാലിറ്റി തലവന്‍ മുഹമ്മദ് അബ്ദുല്‍ റഹ്മാന്‍ കലോട്ട, നന്നു മിയാന്‍ ചൗധരി, മുഹമ്മദ് അന്‍സാരി എന്നിവരും വിട്ടയച്ചവരില്‍ ഉള്‍പ്പെടുന്നു. പ്രധാന പ്രതികളില്‍ പെടുന്ന ഹാജി ബില്ല, റസാക് കുര്‍കുര്‍ തുടങ്ങിയവരെ കുറ്റക്കാരെന്നു വിധിച്ചിട്ടുമുണ്ട്.

ഗോധ്ര സംഭവത്തില്‍ അറസ്റ്റിലായവര്‍ക്കെതിരെ 2002ല്‍ തന്നെ ഭീകരവിരുദ്ധ നിയമം (പോട്ട) ചുമത്തിയെങ്കിലും പിന്നീട് ഇത് ഒഴിവാക്കി. എന്നാല്‍, തിരഞ്ഞെടുപ്പിനു ശേഷം ബിജെപി വീണ്ടും അധികാരത്തിലെത്തിയതോടെ പോട്ട വീണ്ടും ചുമത്തി. 2003 നവംബറില്‍ കേസ് വിചാരണ സുപ്രീംകോടതി സ്‌റ്റേ ചെയ്തു.

പ്രതികള്‍ക്കെതിരെ പോട്ട ചുമത്തേണ്ടതില്ലെന്ന റിവ്യൂ കമ്മിറ്റി തീരുമാനത്തിന് 2009 ഫെബ്രുവരിയില്‍ ഹൈക്കോടതി അംഗീകാരം നല്‍കി. 2009 മേയിലാണ് സുപ്രീംകോടതിയുടെ എല്ലാ സ്‌റ്റേകളും നീങ്ങിയത്; ജൂണില്‍ വിചാരണ തുടങ്ങി. വിധി പ്രഖ്യാപനത്തിനു സുപ്രീംകോടതി ഏര്‍പ്പെടുത്തിയ നിയന്ത്രണം 2011 ജനുവരി 18നാണു നീക്കിയത്.