പാലക്കാട് മണ്ണൂരില്‍ പാര്‍ട്ടി അടിത്തറയിളക്കി സിപിഎം വിമതര്‍ സിപിഐയില്‍ ചേര്‍ന്നു

single-img
9 October 2017

പാലക്കാട് മണ്ണൂരില്‍ സിപിഎം വിമതര്‍ സിപിഐയില്‍ ചേര്‍ന്നു. വിഭാഗീയതയെ തുടര്‍ന്ന് പത്ത് ബ്രാഞ്ച് കമ്മിറ്റികളില്‍ നിന്നായി അഞ്ഞൂറിലധികം പേരാണ് സിപിഎം വിട്ടത്. ശക്തിപ്രകടനവും പൊതുസമ്മേളനവും നടത്തി പ്രവര്‍ത്തകരെ സിപിഐ സ്വീകരിച്ചു.

സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫീസിനു മുന്നിലെ മൈതാനത്ത് പൊതുസമ്മേളനം ക്രമീകരിച്ചാണ് സിപിഐ പുതിയ അംഗങ്ങളുടെ പാര്‍ട്ടി പ്രവേശനം പ്രഖ്യാപിച്ചത്. പാര്‍ട്ടി സമ്മേളനത്തിനു തൊട്ടുമുന്‍പായി രണ്ടുപേര്‍ക്കെതിരെ കൈക്കൊണ്ട അച്ചടക്ക നടപടിയാണ് അപ്രതീക്ഷിത കൂട്ടക്കൊഴിഞ്ഞുപോക്കിന് മണ്ണൂരില്‍ കാരണമായത്.

വിമതരും പാര്‍ട്ടിയും പ്രത്യേക കണ്‍വന്‍ഷന്‍ വിളിച്ച് ശക്തി പരീക്ഷണംകൂടി നടത്തിയതതോടെ, അകല്‍ച്ച കൂടി. തുടര്‍ന്നാണ് പാര്‍ട്ടി അംഗങ്ങളും അനുഭാവികളുമായ നിരവധിപ്പേര്‍ മേഖലയില്‍ സിപിഎം ബന്ധം ഉപേക്ഷിച്ച് സിപിഐയില്‍ ചേരാന്‍ തീരുമാനിച്ചത്.

സിപിഐക്ക് കാര്യമായ വേരോട്ടമില്ലാതിരുന്ന മേഖലയില്‍ സംഘടിപ്പിക്കപ്പെട്ട റാലിയിലും പൊതുസമ്മേളനത്തിലും ആയിരത്തോളം ആളുകളാണ് അണിനിരന്നത്.