കളക്ടറെ മഴ നനയിക്കാതെ കുട പിടിച്ച് ഉദ്യോഗസ്ഥന്‍; ട്രോളിക്കൊന്ന് സോഷ്യല്‍ മീഡിയ

single-img
9 October 2017

തിരുവനന്തപുരം: രാഷ്ട്രപതിയായ ശേഷം ആദ്യമായി കേരളത്തിലെത്തിയ രാംനാഥ് കോവിന്ദ് തലസ്ഥാനത്ത് വിമാനം ഇറങ്ങുമ്പോള്‍ മഴയുണ്ടായിരുന്നു. മഴ വകവയ്ക്കാതെ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ച് വ്യത്യസ്തനായ രാഷ്ട്രപതിയുടെ ചിത്രം സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായിരുന്നു.

ഇതിനു പിന്നാലെ വിമാനത്താവളത്തിലെ മഴയില്‍ ജില്ലാ കളക്ടര്‍ക്ക് ഉദ്യോഗസ്ഥന്‍ കുടപിടിച്ചു കൊടുക്കുന്നതിന്റേയും ഒപ്പമുള്ള മേയര്‍ സ്വയം കുടപിടിച്ചു പിന്നാലെ വരുന്നതിന്റേയും ചിത്രവും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

ഉദ്യോഗസ്ഥരുടെ അഹങ്കാരമായും നമ്മുടെ സര്‍വ്വീസ് ചട്ടങ്ങള്‍ കാലോചിതമായി പരിഷ്‌ക്കരിക്കേണ്ടതിന്റെ ആവശ്യകതയേയും ചൂണ്ടിക്കാണിച്ചാണ് സോഷ്യല്‍ മീഡിയയില്‍ ചിത്രം പ്രചരിക്കുന്നത്. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടേയും കുടുംബത്തിന്റേയും ചിത്രവുമായും ഇതിനെ താരതമ്യം ചെയ്യുന്നവരുമുണ്ട്. സംഭവം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായതോടെ പുലിവാലു പിടിച്ച അവസ്ഥയിലാണ് തിരുവനന്തപുരം കളക്ടര്‍ വാസുകി.

ആചാരങ്ങള്‍ ഒന്നും മാറുന്നില്ലെന്നു പറഞ്ഞു തുടങ്ങുന്ന ട്രോളുകള്‍ക്ക് ഷാജി കൈലാസിന്റെ മമ്മൂട്ടി ചിത്രമായ കിംഗിലെ ഡയലോഗുകള്‍ ചേര്‍ത്താണ് കമന്റിടുന്നത്. അതേസമയം ശരിക്കു ആരാണു ആര്‍ക്കു കുട പിടിക്കുന്നത് എന്നു കാണണമെങ്കില്‍ ഭൂമി കൈയേറ്റക്കേസ് ശ്രദ്ധിച്ചാല്‍ മതി എന്നും ജനാധിപത്യ ഭരണത്തില്‍ ഇത്തരം അദൃശ്യ കുടകള്‍ ധാരാളം കാണാമെന്നും പറഞ്ഞാണ് സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ നിറയുന്നത്.

ലോകത്തിലെ തന്നെ ഏറ്റവും ശക്തനായ ഭരണാധികാരിയായ അമേരിക്കന്‍ പ്രസിഡന്റു പോലും സ്വയം കുടപിടിക്കാന്‍ മനസ്സു കാണിക്കുമ്പോള്‍ ഉന്നത പദവിയിലുള്ളവര്‍ ഇത്തരം അല്‍പത്തരത്തിന് ഇരയാവരുതെന്നാണ് ചിലരുടെ അഭിപ്രായം. ആ കുട വാങ്ങി സ്വയം പിടിക്കാനുള്ള ഉന്നതവും വിശാലവുമായ മനസ്സാണ് ഉണ്ടാകേണ്ടതെന്നും അവര്‍ പറയുന്നു.
അതേസമയം വിഷയത്തെ പോസറ്റീവായി കാണുന്നവരും ഇക്കൂട്ടത്തിലുണ്ട് ഇതൊരു പരസഹായമായി മാത്രം വിലയിരുത്തിയാല്‍ മതിയെന്നാണ് അത്തക്കാരുടെ വാദം.