പാലക്കാട് പത്ത് ബിജെപി കൗണ്‍സിലര്‍മാര്‍ വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചു?: പാര്‍ട്ടിതല അന്വേഷണം നടക്കുന്നതായി റിപ്പോര്‍ട്ട്

single-img
9 October 2017

പാലക്കാട്: പാലക്കാട് ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ പാര്‍ട്ടിതല അന്വേഷണം നടക്കുന്നതായി റിപ്പോര്‍ട്ട്. കേരളത്തില്‍ ബിജെപി ഭരിക്കുന്ന ഏക മുനിസിപ്പാലിറ്റിയായ പാലക്കാടില്‍ പത്ത് ബിജെപി കൗണ്‍സിലര്‍മാക്കെതിരെയാണ് പാര്‍ട്ടിതല അന്വേഷണം നടക്കുന്നത്. വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ച കേസിലാണ് ഇവര്‍ക്കെതിരേ അന്വേഷണം.

വിവാദമായ മഞ്ഞക്കുളം ലോറി സ്റ്റാന്‍ഡ് മുതല്‍ അടുത്തിടെ വിവാദമായ പല ഇടപാടുകളും അന്വേഷണപരിധിയില്‍ വരും. മഞ്ഞക്കുളം ലോറി സ്റ്റാന്‍ഡ് നിര്‍മാണത്തിലെ അപാകതകള്‍ പല മുതിര്‍ന്ന നേതാക്കളും ജില്ലാ കമ്മിറ്റിയുടെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴെല്ലാം അതില്‍ മൗനം പാലിക്കുകയാണ് അന്നുമുതലുള്ള നേതൃത്വം ചെയ്തുവരുന്നതെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.

പാര്‍ട്ടി കൗണ്‍സിലര്‍മാര്‍ക്കു പുറമേ ബിജെപി സംസ്ഥാന ജില്ലാ നേതാക്കള്‍ക്കുമെതിരെ അന്വേഷണം ഉണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പാലക്കാട് നഗരസഭയിലെ ഒരു കൗണ്‍സിലര്‍ക്ക് കേരളത്തിനകത്തുമാത്രം ശതകോടികളുടെ ആസ്തിയുള്ളതായി ആരോപണമുയര്‍ന്ന സാഹചര്യത്തിലാണ് അന്വേഷണം നടത്തുന്നതെന്നാണ് വിവരം.

2018 ജനുവരി ഒന്നിനു മുന്‍പ് അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കാനാണ് കേന്ദ്രനേതൃത്വം നിര്‍ദേശം നല്‍കിയിരിക്കുന്നത് അതേസമയം ഇത്തരമൊരന്വേഷണത്തെക്കുറിച്ച് കൗണ്‍സിലര്‍മാര്‍ക്ക് യാതൊരു അറിവും ഇല്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.

കേരളത്തിലെ പല മുന്‍നിര നേതാക്കള്‍ക്കെതിരേയും അന്വേഷണം നടത്താനാണ് ദേശീയ നേതൃത്വത്തിന്റെ നീക്കം. അനധികൃത സ്വത്ത് സമ്പാദിച്ചത് കേന്ദ്രനേതൃത്വത്തിന്റെ അറിവില്‍പ്പെട്ടതോടെയാണ് ഈ അന്വേഷണമെന്നും ഇതോടെ കഴിഞ്ഞ കാല്‍നൂറ്റാണ്ട് കാലമായി പാലക്കാട് മുന്‍സിപ്പാലിറ്റിയില്‍ നടത്തിയ അഴിമതികള്‍ അന്വേഷണ പരിധിയില്‍വരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പാര്‍ട്ടി അന്വേഷണത്തിന് പുറമേ എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണവും ഉണ്ടായേക്കുമെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങള്‍ നല്‍കുന്ന സൂചന. അതിനാല്‍ തന്നെയും പ്രതിപക്ഷ കക്ഷികളാരും ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല.