രാജ്യതലസ്ഥാനത്ത് സിപിഎം, ബിജെപി പാര്‍ട്ടികളുടെ മാര്‍ച്ച്: ബിജെപി പ്രവര്‍ത്തകര്‍ക്കു നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു

single-img
9 October 2017

കേരളത്തിലെ രാഷ്ട്രീയ അക്രമങ്ങളുടെ പേരില്‍ അന്യോന്യം പഴിചാരി രാജ്യ തലസ്ഥാനത്ത് സിപിഎം, ബിജെപി പാര്‍ട്ടികള്‍ മാര്‍ച്ച് നടത്തി. സിപിഎം പാര്‍ട്ടി ആസ്ഥാനമായ എകെജി സെന്ററിലേക്ക് ബിജെപി മാര്‍ച്ച് നടത്തിയപ്പോള്‍ ബിജെപി ആസ്ഥാനത്തേക്ക് സിപിഎമ്മും മാര്‍ച്ച് നടത്തി പ്രതിഷേധിച്ചു.

സി.പി.എം ആസ്ഥാനത്തേക്കുള്ള ബി.ജെ.പി മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. ബാരിക്കേഡ് തകര്‍ത്ത ബി.ജെ.പി പ്രവര്‍ത്തകര്‍ക്കു നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. എ.കെ.ജി ഭവന് മുന്നിലുള്ള ബാരിക്കേഡ് മറികടക്കാനുള്ള പ്രവര്‍ത്തകരുടെ ശ്രമം പൊലീസ് തടഞ്ഞു.

ആഭ്യന്തരസഹമന്ത്രി കിരണ്‍ റിജ്ജു ഉദ്ഘാടനം ചെയ്ത മാര്‍ച്ചാണ് പൊലീസുമായുള്ള സംഘര്‍ഷത്തിലവസാനിച്ചത്. സംഘര്‍ഷം പത്തുമിനിട്ടു നീണ്ടു. കേരളത്തില്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷാ യാത്രയുടെ സമാപനമായ 17ാം തീയതി വരെ ഡല്‍ഹിയില്‍ സിപിഎം ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തുമെന്ന് ബിജെപി നേരത്തെ പ്രഖ്യാപിച്ചിരുന്നു.

ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നേതൃത്വത്തിലാണ് ബിജെപി ആസ്ഥാനത്തേക്ക് സിപിഎം മാര്‍ച്ച് സംഘടിപ്പിച്ചത്. ദേശീയ തലത്തില്‍ സിപിഎമ്മിനെതിരെയും കേരള സര്‍ക്കാരിനെതിരേയും ബിജെപി കള്ളപ്രചരണം നടത്തുന്നതില്‍ പ്രതിഷേധിച്ചായിരുന്നു മാര്‍ച്ച്.

കേരളത്തില്‍ വ്യാപകമായി സിപിഎം പ്രവര്‍ത്തകരെ ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകര്‍ അക്രമിക്കുകയാണെന്നും ഇതെല്ലാം മറച്ചുവച്ച് സിപിഎമ്മിനെതിരേ തെറ്റായ ആരോപണം ഉന്നയിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും സിപിഎം കേന്ദ്ര നേതൃത്വം ആരോപിക്കുന്നു.

പോളിറ്റ് ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ട്, ബൃന്ദ കാരാട്ട് തുടങ്ങി പ്രമുഖരും സിപിഎം പ്രതിഷേധത്തില്‍ അണിചേര്‍ന്നു.
അതേസമയം രണ്ടു പാര്‍ട്ടിക്കാരും പ്രതിഷേധത്തിന് തെരുവിലിറങ്ങിയതോടെ പാര്‍ട്ടി ഓഫീസുകള്‍ക്ക് പോലീസ് സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്.