ഓലപാമ്പ് കാണിച്ച് പേടിപ്പിക്കേണ്ടെന്ന് വി മുരളീധരന്‍: ’21ാം വയസ്സില്‍ ആദ്യ ജയില്‍വാസം കഴിഞ്ഞവനാണ്’

single-img
8 October 2017

കള്ളക്കേസില്‍ കുടുക്കി തന്നെയും പാര്‍ട്ടിയേയും ഭയപ്പെടുത്താന്‍ സിപിഎം നോക്കേണ്ടെന്ന് ബിജെപി നേതാവ് വി മുരളീധരന്‍. സിപിഎമ്മിന്റെ കള്ളക്കേസില്‍ കുടുങ്ങി ജയിലില്‍ പോകാന്‍ ഭയമില്ലെന്നും കേസ് തനിക്ക് പുത്തരിയല്ലെന്നും മുരളീധരന്‍ പറഞ്ഞു.

പി ജയരാജനെതിരെ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ കേസെടുത്തതിനോട് പ്രതികരിക്കുകയായിരുന്നു മുരളീധരന്‍. 21ാം വയസ്സിലാണ് എനിക്കെതിരായ ആദ്യ കേസ് വരുന്നത്. രണ്ടു മാസം ജയിലിലും കിടന്നു. ഇപ്പോള്‍ 50 വയസ്സായി.

കഴിഞ്ഞ 30 വര്‍ഷമായി നിരവധി കേസുകള്‍ വന്നു. എന്നിട്ടും ഞാനിവിടെ നില്‍ക്കുന്നു. അതിനാല്‍ കമ്മ്യൂണിസ്റ്റുകാര്‍ ഓലപാമ്പ് കാണിച്ച് എന്നെ ഭയപ്പെടുത്താമെന്ന് കരുതേണ്ട. എന്തും നേരിടാന്‍ തയ്യാറാണ്’ എന്ന് മുരളീധരന്‍ പ്രതികരിച്ചു.

കേസെടുത്ത സിപിഎം വിഡ്ഢികളുടെ സ്വര്‍ഗ്ഗത്തിലാണ്. കേസിന് ആസ്പദമായ സംഭവത്തെ കുറിച്ച് പിന്നീട് വിശദീകരിക്കാം. കേസെടുത്തതിന്റെ പേരില്‍ തനിക്കോ തന്റെ പാര്‍ട്ടിക്കോ ഒരു ചുക്കും സംഭവിക്കില്ലെന്നും മുരളീധരന്‍ പറഞ്ഞു.

കേസെടുത്തതിനെ വിമര്‍ശിച്ച് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശും നേരത്തെ രംഗത്തെത്തിയിരുന്നു. കേസെന്ന ഓലപ്പാമ്പ് കാട്ടി പേടിപ്പിക്കേണ്ടെന്ന് രമേശ് പറഞ്ഞു. ബിജെപി നേതാക്കള്‍ക്കെതിരെ കേസെടുക്കലാണ് പിണറായി സര്‍ക്കാരിന്റെ പണി. കുമ്മനം രാജശേഖരനെതിരെ എടുത്ത കേസിന്റെ സ്ഥിതി എന്തായെന്നും അദ്ദേഹം ചോദിച്ചു.