രാഷ്ട്രപതി രാം നാഥ് കോവിന്ദ് കേരളത്തിലെത്തി

single-img
8 October 2017

തിരുവനന്തപുരം: ഒരു ദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് കേരളത്തിലെത്തി. തിരുവനന്തപുരം വ്യോമസേനാ വിമാനത്താവളത്തില്‍ രാവിലെ 9.30 ഓടെ എത്തിയ രാഷ്ട്രപതിയെ ഗവര്‍ണറും മുഖ്യമന്ത്രിയും മന്ത്രിമാരും ചേര്‍ന്ന് സ്വീകരിച്ചു. രാഷ്ട്രപതിയായശേഷം അദ്ദേഹത്തിന്റെ ആദ്യ കേരള സന്ദര്‍ശനമാണിത്.

അമൃതാനന്ദമയി മഠത്തിന്റെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നതിനാണ് അദ്ദേഹം കേരളത്തിലെത്തിയിരിക്കുന്നത്. തുടര്‍ന്നു ഹെലികോപ്റ്ററില്‍ കായംകുളം എന്‍ടിപിസി ഹെലിപാഡിലെത്തിയ രാഷ്ട്രപതി റോഡ് മാര്‍ഗം വള്ളിക്കാവിലെ അമൃതാനന്ദമയി ആശ്രമത്തിലെത്തി.

രാഷ്ട്രപതിയ്ക്ക് കേരളത്തില്‍ മറ്റ് ഔദ്യോഗിക പരിപാടികളില്ല. മാതാ അമൃതാനന്ദമയി മഠം സന്ദര്‍ശിക്കുന്ന രണ്ടാമത്തെ രാഷ്ട്രപതിയാണ് രാം നാഥ് കോവിന്ദ്. അമൃതസേതു പദ്ധതി ഉദ്ഘാടനം ചെയ്യാന്‍ നേരത്തെ ഡോ.എ.പി.ജെ.അബ്ദുല്‍ കലാം അമൃതപുരിയിലെത്തിയിരുന്നു.

ഒരു മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന പരിപാടിക്ക് ഒടുവില്‍ ഉച്ചയ്ക്ക് ഒന്നേകാലിനു രാഷ്ട്രപതി ഹെലികോപ്റ്ററില്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തി ഡല്‍ഹിക്കു മടങ്ങും.