കോട്ടയത്ത് പ്രണയം നടിച്ച് പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു: ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി കാമുകന്‍ പെണ്‍കുട്ടിയെ സുഹൃത്തുക്കള്‍ക്കും കാഴ്ചവച്ചു; നാലുപേര്‍ പിടിയില്‍

single-img
8 October 2017

കോട്ടയം: പ്രണയം നടിച്ച് പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച സംഭവത്തില്‍ കാമുകനടക്കം നാലുപേര്‍ അറസ്റ്റില്‍. കോട്ടയം മുണ്ടക്കയത്ത് 19കാരിയെ പീഡിപ്പിച്ച കേസിലാണ് മൂന്നിലവ് സ്വദേശികളായ അനീഷ്, മനീഷ്, കണ്ണന്‍, അനൂപ് എന്നിവരെ മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തത്. അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണും പോലീസ് കണ്ടെടുത്തു.

പെണ്‍കുട്ടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ മൊബൈല്‍ കാമറയില്‍ പകര്‍ത്തുകയും ഇതുകാട്ടി ഭീഷണിപ്പെടുത്തി പെണ്‍കുട്ടിയെ മറ്റുള്ള സുഹൃത്തുക്കള്‍ക്കു കാഴ്ചവയ്ക്കുകയുമായിരുന്നെന്നും പോലീസ് പറഞ്ഞു. വിവാഹവാഗ്ദാനം നല്‍കിയ ശേഷം പെണ്‍കുട്ടിയെ കാമുകനായ അനീഷ് മുണ്ടക്കയത്തിന് സമീപത്തെ രഹസ്യ കേന്ദ്രത്തില്‍ വച്ച് പീഡിപ്പിച്ച് ദ്യശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയായിരുന്നു.

പിന്നീട് ഏതാനും ദിവസങ്ങള്‍ക്കുശേഷം അനീഷ് പെണ്‍കുട്ടിയെ വിളിച്ചു നേരില്‍ കാണണമെന്നു ആവശ്യപ്പെട്ടു. ഇരുവരും തമ്മില്‍ കണ്ട സമയത്ത് പെണ്‍കുട്ടിയെ മൊബൈലില്‍ പകര്‍ത്തിയിരുന്ന അശ്ലീല ദൃശ്യങ്ങള്‍ കാണിച്ചു ഭീഷണിപ്പെടുത്തുകയും പണം ആവശ്യപ്പെടുകയും ചെയ്തു.

എന്നാല്‍ പണമോ ആഭരണമോ നല്‍കാനാകില്ലെന്ന് പറഞ്ഞതോടെ അനീഷ് സുഹൃത്തായ അനൂപിന് പെണ്‍കുട്ടിയെ കാഴ്ച്ച വച്ചു. ഈ ദൃശ്യങ്ങളും അനീഷ് മൊബൈലില്‍ പകര്‍ത്തി. വീണ്ടും ശല്യം ചെയ്യല്‍ തുടര്‍ന്നതോടെ പെണ്‍കുട്ടി ഫോണെടുക്കാതായി.

പിന്നീട് സ്‌കൂളിലേക്ക് പോകും വഴി പെണ്‍കുട്ടിയെ പിന്തുടര്‍ന്ന അനീഷ് തന്റെ പക്കലുള്ള അശ്ലീല ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ പ്രചരിപ്പിക്കുമെന്നും ഇതൊഴിവാക്കാന്‍ മറ്റ് സുഹൃത്തുക്കളായ മനീഷ്, കണ്ണന്‍ എന്നിവര്‍ക്ക് വഴങ്ങണമെന്നും ആവശ്യപ്പെടുകയായിരുന്നു. ഇങ്ങനെ രണ്ടു പേര്‍ക്കു കൂടി പെണ്‍കുട്ടിയെ കാഴ്ച വയ്ക്കുകയായിരുന്നു.

ഈ സംഭവത്തെ തുടര്‍ന്ന് പഠനം ഉപേക്ഷിച്ച് പെണ്‍കുട്ടി വീട്ടില്‍ നിന്നും പുറത്തിറങ്ങാതായി. ഇതേത്തുടര്‍ന്ന് സഹപാഠികള്‍ വീട്ടിലെത്തിയതോടെയാണ് പീഡന വിവരങ്ങള്‍ പുറത്തായത്. തുടര്‍ന്ന് മാതാപിതാക്കള്‍ പെണ്‍കുട്ടിയുമായെത്തി മുണ്ടക്കയം പോലീസില്‍ ഇതുസംബന്ധിച്ച് പരാതി നല്‍കുകയായിരുന്നു.

പ്രതികള്‍ക്കെതിരെ ദളിത്, ലൈംഗിക പീഡന വകുപ്പുകള്‍ പ്രകാരം കേസെടുക്കുമെന്ന് പോലീസ് പറഞ്ഞു. കൂടുതല്‍ പേര്‍ക്ക് സംഭവവുമായി ബന്ധമുണ്ടോ എന്ന് പോലീസ് അന്വേഷിച്ചുവരികയാണ്. കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി ഇമ്മാനുവല്‍ പോള്‍, മുണ്ടക്കയം എസ്‌ഐ അനൂപ് ജോസ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണു കേസ് അന്വേഷിക്കുന്നത്.