ഒളിവു ജീവിതം അവസാനിപ്പിച്ച് നടന്‍ ജയ് കോടതിയില്‍ കീഴടങ്ങി

single-img
8 October 2017

ചെന്നൈ: മദ്യപിച്ചു വാഹനമോടിച്ച കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന നടന്‍ ജയ് കോടതിയില്‍ കീഴടങ്ങി. കുറ്റം സ്വമേധയാ സമ്മതിച്ചതിനാല്‍ താരത്തിന് 5200 രൂപ പിഴയും ആറു മാസത്തേക്ക് വാഹനമോടിക്കുന്നതില്‍ വിലക്കും കോടതി ഏര്‍പ്പെടുത്തി. വിലക്ക് ലംഘിച്ചാല്‍ തുടര്‍ന്നുള്ള ആറുമാസത്തേക്ക് കൂടി ലൈസന്‍സ് റദ്ദുചെയ്യാനും കോടതി ഉത്തരവിട്ടു.

കേസില്‍ സെയ്ദാപേട്ട് മജിസ്‌ട്രേട്ട് കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതിനെ തുടര്‍ന്ന് ഇന്നലെ രാവിലെയാണു ജയ് അഭിഭാഷകര്‍ക്കൊപ്പം കോടതിയില്‍ കീഴടങ്ങിയത്. വിധിക്കുശേഷം നടനെ വിട്ടയച്ചു. കഴിഞ്ഞമാസം ജയ് മദ്യലഹരിയില്‍ ഓടിച്ച കാര്‍ അഡയാറിലെ പാലത്തിലേക്ക് ഇടിച്ചുകയറി അപകടത്തില്‍പ്പെടുകയായിരുന്നു.

തുടര്‍ന്ന് നടനെ അറസ്റ്റ് ചെയ്യണമെന്ന് കോടതി ഉത്തരവ് ഇറക്കിയിരുന്നു. കേസ് പരിഗണിച്ച അഞ്ചാം തീയ്യതി ഹാജരാകണമെന്നാണ് നടനോട് കോടതി ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ജയ് അന്ന് ഹാജരായിരുന്നില്ല.

തുടര്‍ന്ന് രണ്ടു ദിവസത്തിനുള്ളില്‍ നടനെ അറസ്റ്റ് ചെയ്ത് ഹാജരാക്കണമെന്ന് കോടതി പൊലീസിനോട് നിര്‍ദേശിച്ചിരുന്നെങ്കിലും താരം ഒളിവിലാണെന്നാണ് പോലീസ് കോടതിയെ അറിയിച്ചത്. ആഴ്ചകള്‍ക്ക് മുമ്പ് ചെന്നൈയിലെ ഒരു ആഡംബര ഹോട്ടലിലെ ആഘോഷങ്ങള്‍ക്ക് ശേഷം വീട്ടിലേക്കു മടങ്ങളുമ്പോഴായിരുന്നു കേസിനാസ്പദമായ അപകടം നടന്നത്.