ഹാദിയയുടേത് നിര്‍ബന്ധിത മതം മാറ്റമല്ലെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്: ‘ഹാദിയ ഇസ്ലാംമതം സ്വീകരിച്ചത് സ്വന്തം ഇഷ്ടപ്രകാരം’

single-img
8 October 2017

ഹാദിയയുടെ മതം മാറ്റവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന് വന്ന ആരോപണങ്ങള്‍ തള്ളി ക്രൈംബ്രാഞ്ച്. ഹാദിയ ഇസ്ലാം മതം സ്വീകരിച്ചതിന് പിന്നില്‍ തീവ്രവാദ ബന്ധമില്ലെന്ന് ക്രൈംബ്രാഞ്ചിന്റെ അന്വേഷണ റിപ്പോര്‍ട്ട്.

ഹാദിയ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വിധേയായിട്ടില്ലെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് ഇസ്ലാം മതം സ്വീകരിച്ചതെന്നും ക്രൈംബ്രാഞ്ച് എസ്പി ഡിജിപിക്ക് നല്‍കിയ ഇടക്കാല റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.

സമാന റിപ്പോര്‍ട്ടായിരുന്നു കേസ് ആദ്യം അന്വേഷിച്ച ലോക്കല്‍ പോലീസിന്റേതും. ഹാദിയ കേസില്‍ ദേശീയ അന്വേഷണ ഏജന്‍സി അന്വേഷിക്കേണ്ട ആവശ്യമില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞദിവസം സുപ്രീംകോടതിയില്‍ വ്യക്തമാക്കിയിരുന്നു.

ഇതിനിടയില്‍ സുപ്രീംകോടതിയില്‍ ഹാദിയ കേസ് നിര്‍ണ്ണായ ഘട്ടത്തില്‍ എത്തി നില്‍ക്കേയാണ് എറണാകുളം ക്രൈംബ്രാഞ്ച് എസ്പി സന്തോഷ്‌കുമാര്‍ ഇടക്കാല റിപ്പോര്‍ട്ട് ഡിജിപി ലോക്‌നാഥ് ബെഹ്‌റക്ക് നല്‍കിയത്.

ഹാദിയയുടെ മതം മാറ്റത്തിന് പിന്നില്‍ ഒരു തരത്തിലുള്ള സമ്മര്‍ദ്ദവും ഉണ്ടായിട്ടില്ലെന്ന് ഇതുവരെയുള്ള അന്വേഷണത്തില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടില്‍ അടിവരയിട്ട് പറയുന്നു. തീവ്രവാദ സംഘടനകള്‍ സ്വാധീനിച്ചുവെന്ന ആരോപണത്തിനും തെളിവില്ല.

സ്വന്തം ഇഷ്ടപ്രകാരമാണ് മതം മാറിയതെന്ന് ഹാദിയ മൊഴിയും നല്‍കിയിട്ടുണ്ട്. എങ്കിലും സാമ്പത്തിക സ്വാധീനം മതം മാറ്റത്തിന് പിന്നിലുണ്ടോയെന്ന കാര്യം അന്വേഷിക്കുന്നുണ്ടന്നും റിപ്പോര്‍ട്ടിലുണ്ട്.

കേസ് ആദ്യം അന്വേഷിച്ച പെരിന്തല്‍മണ്ണ ഡിവൈഎസ്പി മോഹനചന്ദ്രനും സമാന റിപ്പോര്‍ട്ടായിരുന്നു തയ്യാറാക്കിയത്. നാളെ ഹാദിയ കേസ് സുപ്രീംകോടതി പരിഗണിക്കുമ്പോള്‍ റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം സര്‍ക്കാര്‍ അറിയിക്കും.

അതേസമയം കേരളത്തിലെ മതപരിവര്‍ത്തനങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. മതംമാറി സിറിയയിലേക്ക് കടന്ന തിരുവനന്തപുരം സ്വദേശിനി നിമിഷയുടെ അമ്മ ബിന്ദുവിന്റേതാണ് ഹര്‍ജി.

കേരള പൊലീസിന്റെ അന്വേഷണം പരാജയമെന്നും കേസ് എന്‍ഐഎ ഏറ്റെടുക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കുന്ന ഹാദിയ കേസില്‍ ബിന്ദുവും മൂന്ന് ഹൈക്കോടതി അഭിഭാഷകരും കക്ഷിചേരും.

കേരളത്തില്‍ ആസൂത്രീത മതപരിവര്‍ത്തനം നടക്കുന്നുവെന്നും അതില്‍ വിദേശപണം എത്തുന്നുവെന്നും ബിന്ദു ആരോപിക്കുന്നു. കേരളം ഐഎസിന്റെയും ജിഹാദികളുടെയും താവളമായെന്ന് ബിന്ദു ഹര്‍ജിയില്‍ പറയുന്നു.

ഹാദിയ കേസ് തിങ്കളാഴ്ച പരിഗണിക്കാനിരിക്കെ ഈ ഹര്‍ജിയും സുപ്രീംകോടതി പരിഗണിക്കും എന്നാണ് പ്രതീക്ഷ. ഹാദിയ കേസില്‍ എന്‍ഐഎ അന്വേഷണം വേണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ദിവസം സുപ്രീംകോടതിയില്‍ സത്യവാങ്ങ്മൂലം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ബിന്ദുവിന്റെ ഹര്‍ജി.

കാസര്‍ഗോഡ് പൊയിനാച്ചി സെഞ്ച്വറി ഡെന്റല്‍ കോളേജില്‍ അവസാന വര്‍ഷ ബിഡിഎസ് വിദ്യാര്‍ത്ഥിനിയായിരിക്കെയാണ് നിമിഷയെന്ന ഫാത്തിമയെ കാണാതായത്. ഹിന്ദുവായിരുന്ന നിമിഷ ഇസയെന്ന യുവാവിനെ വിവാഹം കഴിച്ച് മതം മാറിയത് വെറും നാലുദിവസത്തെ പരിചയത്തിനൊടുവില്‍ ആണെന്നും തീവ്ര മുജാഹിദ് നിലപാടുകാരനായിരുന്നു ഇസയെന്നും ബിന്ദു നേരത്തെ പറഞ്ഞിരുന്നു.

കോളേജില്‍ പഠിക്കുന്ന കാലത്ത് ഇസ്ലാമിക് സ്റ്റേറ്റിന്റെ അടക്കം തീവ്രവാദ സംഘടനകളുടെ യുദ്ധവീഡിയോ കാണുന്നതില്‍ നിമിഷ തല്‍പരയായിരുന്നെന്നും സുഹൃത്തുക്കള്‍ പറഞ്ഞതായും അമ്മ സൂചിപ്പിച്ചിരുന്നു. നിമിഷയും ഇസയും അഫ്ഗാനിസ്ഥാനിലേക്ക് കടന്നെന്നാണ് അമ്മ ബിന്ദു പറയുന്നത്.