കുമ്മനത്തിന്റെ ജനരക്ഷാ യാത്രയിലെ ‘അമിട്ടടി’യെ ദേശീയതലത്തില്‍ നാറ്റിച്ച് എബിപി ന്യൂസ് ചാനല്‍

single-img
8 October 2017

ഫോട്ടോഷോപ്പ് നടത്തി ബി.ജെ.പി നേതൃത്വം വെട്ടിലാകുന്നത് ആദ്യ സംഭവമൊന്നുമല്ല. കുമ്മനത്തിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ നടക്കുന്ന ജനരക്ഷാ യാത്രയിലും മറിച്ചായിരുന്നില്ല സംഭവങ്ങള്‍. ബോളിവുഡ് താരം സണ്ണി ലിയോണ്‍ കൊച്ചിയിലെത്തിയപ്പോഴുണ്ടായ ആള്‍ക്കൂട്ടത്തെ കേരളത്തിലെത്തിയ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായെ കാണാനെത്തിയ ജനക്കൂട്ടമാക്കിയായിരുന്നു ബി.ജെ.പിയുടെ പുതിയ ഫോട്ടോഷോപ്പ് തന്ത്രം.

ബി.ജെ.പിയോട് ആഭിമുഖ്യമുള്ള ഫേസ്ബുക്കിലെ ഒരു ട്രോള്‍ പേജിലായിരുന്നു സണ്ണിയെ കാണാനെത്തിയ ജനക്കൂട്ടത്തെ അമിത്ഷാ ആരാധകരാക്കി ചിത്രീകരിച്ചത്. ഇത് കേരളത്തിലെ മാധ്യമങ്ങളും സോഷ്യല്‍മീഡിയയും കൈയോടെ പിടികൂടുകയും കളിയാക്കി ട്രോളുകള്‍ ഇറക്കുകയും ചെയ്തിരുന്നു.

എന്നാല്‍ ഇപ്പോഴിതാ ഇക്കാര്യം ഇന്ത്യമൊത്തം അറിയിച്ച് ബിജെപിയെ നാറ്റിക്കാനുറച്ചിരിക്കുകയാണ് പ്രമുഖ ഹിന്ദി ന്യൂസ് ചാനലായ എബിപി ന്യൂസ് ചാനല്‍. നേരത്തെ ചിത്രം സോഷ്യല്‍ മീഡിയ പിടികൂടിയെന്ന് മനസിലാക്കിയതോടെ പേജില്‍ നിന്നും ചിത്രം പിന്‍വലിച്ചിരുന്നു.

എന്നാല്‍ അപ്പോഴേക്കും ഇതിന്റെ സ്‌ക്രീന്‍ ഷോട്ട് വ്യാപകമായി പ്രചരിച്ചിരിക്കുകയായിരുന്നു. ഇതോടെ ഈ സ്‌ക്രീന്‍ ഷോട്ട് അടക്കമാണ് സംഘപരിവാറിന്റെ പുതിയ ഫോട്ടോഷോപ്പിനെക്കുറിച്ച് എ.ബി.പി ന്യൂസ് വാര്‍ത്ത പുറത്ത് വിട്ടത്.

ജനരക്ഷായാത്രയുമായി കുമ്മനം രാജശേഖരന്‍ കേരളത്തിലങ്ങോളമിങ്ങോളം നടക്കാന്‍ തുടങ്ങിയതില്‍പ്പിന്നെ സോഷ്യല്‍ മീഡിയയിലും മലയാള മാധ്യമങ്ങളിലും ദേശീയ ചാനലുകളിലും കേരളത്തേയും ബിജെപിയെയും പറ്റിയുള്ള ചര്‍ച്ചകളാണ് നിറഞ്ഞ് നില്‍ക്കുന്നത്.

ജനരക്ഷാ റാലി എന്ന പേരില്‍ കുമ്മനം റാലി നടത്തുമ്പോള്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ കണ്ണൂരില്‍ എത്തിയതും എന്നാല്‍ പിന്നീട് ജനപ്രാതിനിധ്യം കുറഞ്ഞിട്ടാണ് അമിത് ഷാ മടങ്ങിയതെന്നും തുടങ്ങി ജാഥയെക്കുറിച്ചുള്ള മലയാളത്തിലെ ട്രോളുകളുകളെല്ലാം ദേശീയ മാധ്യമങ്ങളും വാര്‍ത്തയാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് അമിത് ഷായുടെ ഫോട്ടോഷോപ്പും വാര്‍ത്തയായിരിക്കുന്നത്.