സര്‍ക്കാരിന്റെ അറിവോടെയാണ് കേരളത്തില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ നടക്കുന്നതെന്ന് അമിത് ഷാ

single-img
8 October 2017

ന്യൂഡല്‍ഹി: ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ നേതൃത്വത്തില്‍ ഡല്‍ഹിയിലെ സി.പി.എം ആസ്ഥാനമായ എ.കെ.ജി ഭവനിലേക്ക് മാര്‍ച്ച് നടത്തി. കേരളത്തില്‍ സിപിഎം അധികാരത്തിലെത്തിയശേഷം 120 ഓളം ബിജെപിആര്‍എസ്എസ് പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടതെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞു.

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ തന്നെ ബിജെപിആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണങ്ങള്‍ ഉണ്ടാകുന്നതില്‍ കമ്യുണിസ്റ്റ് പാര്‍ട്ടി ലജ്ജിക്കണം. ഒരു വെടിയുണ്ട ഉപയോഗിച്ച് ജീവന്‍ എടുക്കാന്‍ കഴിയും.

എന്നാല്‍ തങ്ങളുടെ പ്രവര്‍ത്തകരുടെ ശരീരങ്ങള്‍ വെട്ടിനുറുക്കുകയാണ് ഉണ്ടായത്. ഇത്തരത്തിലുള്ള, സിപിഎമ്മിന്റെ അക്രമ സ്വഭാവത്തെ ബിജെപി ഭയപ്പെടുന്നില്ലെന്നും അമിത്ഷാ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ അറിവോടെയാണ് കേരളത്തില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ നടക്കുന്നതെന്ന് ഷാ ആരോപിച്ചു.

കൊണാട്ട്‌പ്ലേസിലെ സെന്‍ട്രല്‍ പാര്‍ക്കില്‍ നിന്നാണ് മാര്‍ച്ച് തുടങ്ങിയത്. അമിത്ഷായ്‌ക്കൊപ്പം ഡല്‍ഹി ബിജെപി അധ്യക്ഷന്‍ മനോജ് തിവാരിയും മറ്റ് നിരവധി നേതാക്കളും പങ്കെടുത്തു. കുമ്മനത്തിന്റെ പദയാത്ര കഴിയുന്ന ഈ മാസം 17വരെ എ.കെ.ജി ഭവനിലേക്ക് മാര്‍ച്ച് നടത്താനാണ് അമിത് ഷായുടെ ആഹ്വാനം.