പാലക്കാട് പതിനേഴുകാരന്‍ ഓടിച്ച കാര്‍ ഇടിച്ച് ഡോക്ടര്‍ മരിച്ചു

single-img
8 October 2017

പാലക്കാട്: പതിനേഴുകാരന്‍ ഓടിച്ചിരുന്ന കാര്‍ ബൈക്കില്‍ ഇടിച്ച് ഡോക്ടര്‍ മരിച്ചു. പാലക്കാട് നഗരത്തില്‍ ശനിയാഴ്ച രാത്രി 10 മണിയോടെയായിരുന്നു അപകടം. തൃശൂര്‍ സ്വദേശിയും പാലക്കാട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലെ അസിസ്റ്റന്റ് പ്രഫസറുമായ ഡോക്ടര്‍ നവീന്‍കുമാറാണ് മരിച്ചത്.

ഇദ്ദേഹത്തിനൊപ്പം ബൈക്കിലുണ്ടായിരുന്ന ഭാര്യയ്ക്കും മകനും സാരമായ പരുക്കുകളാണുള്ളത്. ഇരുചക്രവാഹനത്തില്‍ ഇടതുവശം ചേര്‍ന്ന് പോവുകയായിരുന്നു ഡോക്ടര്‍ നവീന്‍കുമാറും ഭാര്യ ഡോ. ജയശ്രീയും മകനും. അമിതവേഗതയില്‍ എതിര്‍ വശത്തുനിന്നു വന്ന കാര്‍ ഡോക്ടര്‍ ദമ്പതികളുടെ വാഹനത്തെ ഇടിച്ചുവീഴ്ത്തുകയായിരുന്നു.

കുറിശ്യാംകുളം സ്വദേശിയായ പതിനേഴുവയസ്സുകാരനാണ് വാഹനം ഓടിച്ചത്. അമിതവേഗതയില്‍ ഇരുചക്രവാഹനത്തെ ഇടിച്ചശേഷം കാര്‍ നടപ്പാതയിലേക്ക് പാഞ്ഞുകയറുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

ഡോ. നവീന്‍കുമാറിനെ ഉടന്‍ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഒറ്റപ്പാലം ലക്കിടി സ്വദേശി നാലകത്ത് സുലൈമാന്റെ ഉടമസ്ഥതിലുളള കാര്‍ പതിനേഴുകാരന് വാടകയ്ക്ക് നല്‍കിയതായിരുന്നു. വാഹന ഉടമയക്കും പതിനേഴുകാരനുമെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.