ഹൃദയം മാറ്റിവച്ച മലയാളിക്ക് ഇന്‍ഷുറന്‍സ് കമ്പനി 23 ലക്ഷം നല്‍കാന്‍ അബുദാബി കോടതി വിധി

single-img
8 October 2017

അബുദാബി: ഹൃദയം മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയക്ക് വിധേയനായ മലയാളിക്ക് ആശ്വാസ വിധിയുമായി അബുദാബി കോടതി. കൊല്ലം ജില്ലയിലെ അഞ്ചല്‍ സ്വദേശി കരീം അബ്ദുല്‍ റസാഖിനാണ്(44) ചികിത്സാ ചെലവ് മെഡിക്കല്‍ ഇന്‍ഷുറന്‍സ് കമ്പനി നല്‍കണമെന്ന് കോടതി വിധിച്ചത്. 23 ലക്ഷം രൂപ ആയിരുന്നു ചികിത്സാ ചെലവ്.

2015 ജനുവരി പതിനേഴിന് ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലാണ് കരീം ഹൃദയമാറ്റ ശസ്ത്രക്രിയക്ക് വിധേയനായത്. അബുദാബിയിലെ പ്രമുഖ എണ്ണ ഉത്പാദന കമ്പനിയിലെ കരാര്‍ ജീവനക്കാരനായിരുന്നു കരീം. 2010ല്‍ ആണ് കരീമിന്റെ ഹൃദയം തകരാറിലാണെന്ന് കണ്ടെത്തിത്.

ആ വര്‍ഷം ഡിസംബറില്‍ അബുദാബി ഷെയ്ഖ് ഖലീഫാ ആശുപത്രിയില്‍ നിന്ന് പേസ്‌മേക്കര്‍ സംഘടിപ്പിച്ചു. എന്നാല്‍ 2014 സെപ്റ്റംബറില്‍ ഹൃദയത്തിന്റെ പ്രവര്‍ത്തനം വീണ്ടും തകരാറിലായി. ഹൃദയം മാറ്റിവയ്ക്കുകയല്ലാതെ വേറൊരു പോംവഴിയുമില്ലെന്ന് അബുദാബിയിലെ ഡോക്ടര്‍മാര്‍ വിധിയെഴുതി.

തുടര്‍ന്നാണ് ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ മാറ്റിവയ്ക്കാനുള്ള ഹൃദയത്തിനായി പേര് രജിസ്റ്റര്‍ ചെയ്തത്. മസ്തിഷ്‌ക മരണം സംഭവിച്ച ഇരുപതുകാരന്റെ ഹൃദയം വൈകാതെ കരീമിന് തുന്നിച്ചേര്‍ക്കുകയായിരുന്നു. രണ്ടാഴ്ച ആശുപത്രി വാസത്തിനൊടുവില്‍ കരീം ആരോഗ്യം വീണ്ടെടുത്തു.

ആശുപത്രിയില്‍ ചികിത്സയ്ക്ക് ചെലവായ തുക തിരിച്ചുകിട്ടുന്നതിനായി മെഡിക്കല്‍ ഇന്‍ഷുറന്‍സ് കമ്പനിയെ സമീപിച്ചെങ്കിലും നിരസിച്ചതിനെ തുടര്‍ന്ന് ദുബായ് അല്‍ കബ്ബാന്‍ അസോസിയേറ്റ്‌സിലെ സീനിയര്‍ ലീഗല്‍ കണ്‍സള്‍ട്ടന്റ് അഡ്വ. ഷംസുദ്ദീന്‍ കരുനാഗപ്പള്ളി മുഖേന ഇന്‍ഷുറന്‍സ് കമ്പനിക്ക് വക്കീല്‍ നോട്ടീസ് അയച്ചു.

കരീമിന്റെ യുഎഇയിലെ ചികിത്സാ ചെലവ് മാത്രമേ തങ്ങള്‍ക്ക് നിയമപരമായി നല്‍കേണ്ട ബാധ്യതയുള്ളൂ എന്ന് ഇന്‍ഷുറന്‍സ് കമ്പനി മറുപടി അയച്ചു. തുടര്‍ന്ന് അഡ്വ.ഷംസുദ്ദീന്‍ കരുനാഗപ്പള്ളി അബുദാബി കോടതിയില്‍ ഇന്‍ഷുറന്‍സ് കമ്പനിക്കെതിരെ ഫയല്‍ ചെയ്ത സിവില്‍ കേസിലാണ് 1,30,000 ദിര്‍ഹം (25 ലക്ഷം രൂപ) ചികിത്സാ ചെലവ് നല്‍കാന്‍ കോടതി വിധിച്ചത്.