സോളാര്‍ തട്ടിപ്പുകേസില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കുറ്റവിമുക്തനാക്കി

single-img
7 October 2017

ബെംഗളുരു: സോളാര്‍ തട്ടിപ്പുകേസില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കുറ്റവിമുക്തനാക്കി. ബെംഗളുരു സിറ്റി ആന്‍ഡ് സിവില്‍ കോടതിയുടേതാണ് വിധി. ബെംഗളൂരുവിലെ വ്യവസായി എം.കെ കുരുവിള നല്‍കിയ കേസില്‍ പ്രതി ചേര്‍ത്തതില്‍ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഉമ്മന്‍ചാണ്ടി നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്.

അതേസമയം, മറ്റ് അഞ്ച് പ്രതികള്‍ക്കെതിരെ കേസ് തുടരും. തട്ടിപ്പില്‍ ഉമ്മന്‍ചാണ്ടി നേരിട്ട് പണം വാങ്ങിയതിനോ, അത് തെളിയിക്കുന്നതിനുള്ള രേഖകളോ കുരുവിളയ്ക്ക് ഹാജരാക്കാനായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ വിധി. ഇതോടെ നേരത്തെ ഉമ്മന്‍ചാണ്ടിക്ക് പിഴശിക്ഷ വിധിച്ചത് റദ്ദായി.

കുരുവിള നല്‍കിയ കേസില്‍ അഞ്ചാം പ്രതിയാണ് ഉമ്മന്‍ചാണ്ടി. 400 കോടി രൂപയുടെ സോളാര്‍ പദ്ധതിയുടെ പേരില്‍ ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ളവര്‍ ഒന്നരക്കോടിയോളം രൂപ തട്ടിയെടുത്തെന്നാണ് കേസ്.

400 കോടി രൂപയുടെ സോളാര്‍ പ്ലാന്റ് സ്ഥാപിക്കാന്‍ സഹായിക്കാമെന്നു വാഗ്ദാനം നല്‍കി കൊച്ചിയിലെ സ്‌കോസ എജ്യുക്കേഷനല്‍ കണ്‍സള്‍ട്ടന്‍സി 1.35 കോടി രൂപ വാങ്ങി വഞ്ചിച്ചെന്ന് പരാതിയില്‍ കുരുവിള ആരോപിച്ചിരുന്നു.

എന്നാല്‍ കുരുവിള സമര്‍ച്ചിരിക്കുന്ന പരാതിയില്‍ താന്‍ നേരിട്ട് കൈക്കൂലി വാങ്ങിയതായി ആരോപണം ഉന്നയിച്ചിട്ടില്ലെന്നും, അതിനാല്‍ പ്രതി പട്ടികയില്‍ നിന്നും തന്നെ ഒഴിവാക്കണമെന്നുമാണ് ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടത്.

ഈ കേസ് തള്ളണമെന്ന് ആവശ്യപ്പെട്ട് ജൂലൈ 10നാണു ഉമ്മന്‍ചാണ്ടി ഇടക്കാല ഹര്‍ജി സമര്‍പ്പിച്ചത്. നേരത്തെ ഈ കേസില്‍ ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ള പ്രതികള്‍ പിഴ അടയ്ക്കണമെന്ന് കോടതി വിധിച്ചിരുന്നു.

എന്നാല്‍ തന്റെ വാദം കേള്‍ക്കാതെയാണ് കോടതി വിധി പുറപ്പെടുവിച്ചതെന്നും, കേസില്‍ തന്റെ ഭാഗം കേള്‍ക്കണമെന്നും ഉമ്മന്‍ചാണ്ടി കോടതിയോട് ആവശ്യപ്പെട്ടിരുന്നു. ഉമ്മന്‍ ചാണ്ടിയുടെ ആവശ്യം പിന്നീട് കോടതി അംഗീകരിക്കുകയായിരുന്നു.