പ്രോഗ്രസ് കാര്‍ഡുമായി മുഖ്യമന്ത്രി: മന്ത്രിമാരോട് ഓരോ വകുപ്പുകളുടെയും കഴിഞ്ഞ ഒരു വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു

single-img
7 October 2017

മന്ത്രിമാരുടെയും സര്‍ക്കാരിന്റെയും പ്രവര്‍ത്തനം വിലയിരുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ യോഗം ചേരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടുമായി കൂടിക്കാഴ്ചക്കെത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാനത്തെ മന്ത്രിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

തിങ്കള്‍, ചൊവ്വാ ദിവസങ്ങളിലായി ചേരുന്ന പ്രത്യേക യോഗത്തില്‍ പങ്കെടുക്കാന്‍ എല്ലാ മന്ത്രിമാര്‍ക്കും വകുപ്പു മേധാവികള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഓരോ മന്ത്രിമാരും അതാത് വകുപ്പ് സെക്രട്ടറിമാരും പങ്കെടുക്കുന്ന കൂടിക്കാഴ്ചക്കു പ്രത്യേകം സമയവും അനുവദിച്ചിട്ടുണ്ട്.

ഓരോ പദ്ധതിയുടെയും പ്രവര്‍ത്തന പുരോഗതി വിലയിരുത്തുന്നതിനൊപ്പം വീഴ്ചകളും പദ്ധതി നിര്‍വ്വഹണത്തിലെ തടസങ്ങളും പ്രത്യേകം പരിഗണിക്കും. പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് വകയിരുത്തിയ തുകയില്‍ എത്രശതമാനം ചെലവഴിച്ചു, അടുത്ത ക്വാര്‍ട്ടറില്‍ എത്രമാത്രം തുക ചെലവഴിക്കാനാകും തുടങ്ങിയ കാര്യങ്ങളിലും വ്യക്തതയുണ്ടാകണം.

ഒപ്പം ഓരോ വകുപ്പും പുതിയ പദ്ധതി നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുകയും വേണം. മന്ത്രിമാരുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം സര്‍ക്കാറിന്റെ മൊത്തത്തിലുള്ള പ്രവര്‍ത്തനത്തിന്റെ വിശദമായ അവലോകനവുമുണ്ടാകുമെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് പറയുന്നത്.

രണ്ട് ദിവസങ്ങളിയായി നടക്കുന്ന മാര്‍ക്കിടല്‍ കൂടിക്കാഴ്ചയില്‍ മുഴുവന്‍ സമയവും മുഖ്യമന്ത്രി പങ്കെടുക്കും. ഗെയില്‍ പാചകവാതക പൈപ്പ് ലൈന്‍, ഇടമണ്‍ കൊച്ചി വൈദ്യുതി ലൈന്‍, കണ്ണൂര്‍ വിമാനത്താവളം എന്നിവയുടെ പുരോഗതി, ഇവയോടനുബന്ധിച്ചുള്ള പ്രശ്‌നങ്ങള്‍ എന്നിവ പ്രത്യേകം ചര്‍ച്ചചെയ്യും. ചീഫ് സെക്രട്ടറിയും യോഗത്തില്‍ പങ്കെടുക്കും.