ഡല്‍ഹിയിലെ നഴ്‌സുമാരുടെ സമരം ഒത്തുതീര്‍ന്നു

single-img
7 October 2017

ഡല്‍ഹിയിലെ ഐ.എല്‍.ബി.എസ് ആശുപത്രിയിലെ നഴ്‌സുമാരുടെ സമരം ഒത്തുതീര്‍ന്നു. സമരം ചെയ്തതിന് പിരിച്ചു വിട്ട അഞ്ച് നഴ്‌സുമാരെയും തിരിച്ചെടുക്കാന്‍ ധാരണയായതിനെ തുടര്‍ന്നാണ് സമരം ഒത്തുതീര്‍ന്നത്. അതേസമയം, ആത്മഹത്യക്ക് ശ്രമിച്ച നഴ്‌സ് ആശുപത്രി അധികൃതര്‍ക്കെതിരെ നല്‍കിയ കേസുകള്‍ പിന്‍വലിക്കാതെ അവരെ ജോലിയില്‍ തിരിച്ചെടുക്കില്ല.

തൊഴില്‍ പീഡനം അടക്കമുള്ളവ ചൂണ്ടിക്കാട്ടി നേരത്തെ നല്‍കിയ കേസുകളാണ് നിലവിലുള്ളത്. ആത്മഹത്യാശ്രമത്തിനു ശേഷം ആശുപത്രയില്‍ ചികിത്സയിലായിരിക്കെ മരുന്ന് അധികമായി കുത്തിവച്ച് തന്നെ കൊല്ലാന്‍ ശ്രമിച്ചെന്ന് ഇവര്‍ വെളിപ്പെടുത്തിയിരുന്നു.

ഈ സാഹചര്യത്തിലാണ് ഇവരെ തിരിച്ചെടുക്കില്ലെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയത്. എന്നാല്‍ കേസുമായി മുന്നോട്ട് പോകുമെന്ന് ആത്മഹത്യക്ക് ശ്രമിച്ച നഴ്‌സ് വ്യക്തമാക്കി.

തൊഴില്‍ പീഡനത്തെ തുടര്‍ന്ന് മലയാളി നഴ്‌സ് ആത്മഹത്യക്ക് ശ്രമിച്ചതോടെയാണ് ഡല്‍ഹി വസന്ത് കുഞ്ചിലെ ഐ.എല്‍.ബി.എസ് ആശുപത്രിയില്‍ നഴ്‌സിംഗ് സമരം ശക്തമായത്. ഒരാഴ്ചയായി മലയാളികള്‍ ഉള്‍പ്പെടുന്ന 100 റോളം നഴ്‌സുമാര്‍ സമരത്തിലായിരുന്നു.