‘എനിക്ക് മോദിയെ കല്യാണം കഴിക്കണം…’: പ്രധാനമന്ത്രിയുടെ മനസ്സിളക്കാന്‍ ജന്തര്‍ മന്ദറില്‍ നാല്‍പതുകാരി സമരത്തില്‍

single-img
7 October 2017

ന്യൂഡല്‍ഹി: വിചിത്ര ആവശ്യവുമായി ജന്തര്‍ മന്ദറില്‍ നാല്‍പതുകാരിയുടെ സമരം. ജയ്പൂര്‍ സ്വദേശിയായ ഓം ശാന്തി ശര്‍മ്മ കുത്തിയിരുപ്പ് സമരത്തിനിറങ്ങിയിരിക്കുന്നത് സാക്ഷാല്‍ നരേന്ദ്രമോദിയെ വിവാഹം കഴിക്കണമെന്നാവശ്യവുമായാണ്.

കഴിഞ്ഞ സെപ്തംബര്‍ 8 മുതലാണ് ജന്ദര്‍ മന്ദറിലെ സമര പന്തലില്‍ മോദിയെ വിവാഹം കഴിക്കാന്‍ വേണ്ടി സമരമിരിക്കാന്‍ തുടങ്ങിയത്. മോദിയെ വിവാഹം കഴിക്കുക എന്ന ആവശ്യവുമായി ജന്തര്‍ മന്ദറിനു മുന്നിലിരിക്കുന്ന ഓം ശാന്തിയെ കുറിച്ചുള്ള വാര്‍ത്ത ഇന്ത്യാ ടുഡേയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

തന്റെ മാനസികനിലയ്ക്ക് തകരാറില്ലെന്നും മോദി ഒറ്റയ്ക്കാണെന്നും ഒരുപാട് ജോലികള്‍ ചെയ്യാനുണ്ടെന്നും, അതിനാല്‍ അദ്ദേഹത്തെ സേവിക്കുകയാണ് തന്റെ ലക്ഷ്യമെന്നും ശാന്തി പറയുന്നു. ഇത് പറയുമ്പോള്‍ പലരും എന്നെ നോക്കി ചിരിക്കാറുണ്ട്.

അവരോട് എനിക്ക് പറയാനുള്ളത് ഞാന്‍ മോദിജിയെ കല്യാണം കഴിക്കാന്‍ ആഗ്രഹിക്കുന്നത് അദ്ദേഹത്തോടുള്ള മറ്റെന്തെങ്കിലും താല്‍പര്യം കൊണ്ടല്ല ബഹുമാനം കൊണ്ടാണ് എന്നാണ്. മുതിര്‍ന്നവരെ ബഹുമാനിക്കാനും അവരുടെ ജോലിയില്‍ സഹായിക്കാനുമാണ് നമ്മുടെ സംസ്‌കാരം പഠിപ്പിക്കുന്നത്. അതാണ് ഞാന്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്നതെന്നും ശാന്തി പറയുന്നു.

വിവാഹമോചിതയാണ് ഓം ശാന്തി. ആദ്യവിവാഹത്തില്‍ ഒരു മകളുമുണ്ട്. നല്ല സാമ്പത്തിക സ്ഥിതിയാണ് തന്റേതെന്നും ഇവര്‍ അവകാശപ്പെടുന്നു. ജയ്പുറില്‍ ധാരാളം സ്ഥലവും പണവും സ്വന്തമായുണ്ട്. അവയില്‍ കുറച്ച് വില്‍ക്കാനും മോദിക്കായി സമ്മാനങ്ങള്‍ വാങ്ങാനും ഉദ്ദേശിക്കുന്നതായും ഓം ശാന്തി ഇന്ത്യാ ടുഡേയോട് പറഞ്ഞു.

മോദിജി തന്നെ കാണാന്‍ വരുന്ന ദിവസത്തിനായി കാത്തിരിക്കുകയാണ്. അതു വരെ തന്റെ സമരം തുടരുമെന്നും ശാന്തി വ്യക്തമാക്കി. അതേസമയം, ജന്ദര്‍ മന്ദറിലെ സമരങ്ങള്‍ അവസാനിപ്പിക്കാനുള്ള ദേശീയ ഹരിത ട്രിബ്യൂണലിന്റെ വിധി ആശങ്കപ്പെടുത്തുന്നുവെന്നും ശാന്തി പറയുന്നു.