പഞ്ച്കുള കലാപം ആസൂത്രണം ചെയ്തത് ഹണിപ്രീത്: അക്രമം നടത്താന്‍ 1.25 കോടി രൂപ വിതരണം ചെയ്‌തെന്ന് വെളിപ്പെടുത്തല്‍

single-img
7 October 2017

പഞ്ച്കുള കലാപത്തിന്റെ ബുദ്ധികേന്ദ്രം ഗുര്‍മീതിന്റെ ദത്തുപുത്രിയും മനസാക്ഷി സൂക്ഷിപ്പുകാരിയുമായ ഹണിപ്രീത് ഇന്‍സാന്റേത്. കലാപം സൃഷ്ടിക്കാന്‍ ഹണിപ്രീത് ഗുര്‍മീതിന്റെ അനുയായികള്‍ക്ക് 1.25 കോടി രൂപ വിതരണം ചെയ്തതായി ഹരിയാന പോലീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഗുര്‍മീതിന്റെ സഹായിയും ഡ്രൈവറുമായിരുന്ന രാകേഷ് കുമാറിനെ ചോദ്യം ചെയ്തതില്‍നിന്നാണ് ഇക്കാര്യം വ്യക്തമായത്. സെപ്റ്റംബര്‍ 27നാണ് രാകേഷിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ഓഗസ്റ്റ് 15ന് കേസിന്റെ വിധി ദിവസം ഗുര്‍മീതിനെയും ഹണിപ്രീതിനെയും പഞ്ച്കുളയില്‍ എത്തിച്ചതും വിധിക്കുശേഷം ഹണിപ്രീതിനെ തിരികെ സിര്‍സയില്‍ എത്തിച്ചതും ഇയാളായിരുന്നു.

ബലാത്സംഗക്കേസില്‍ ദേരാ സച്ചാ സൗദാ തലവന്‍ ഗുര്‍മീത് റാം റഹിം സിങ്ങിന് ഓഗസ്റ്റ് 25 നാണ് കോടതി ശിക്ഷ വിധിച്ചത്. പിന്നാലെ പഞ്ചകുളയിലും സമീപ പ്രദേശങ്ങളിലും നടന്ന കലാപത്തില്‍ 38 ഓളം പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. കലാപത്തിനു പിന്നാലെ ഒളിവില്‍ പോയ ഹണിപ്രീത് കഴിഞ്ഞ ദിവസമാണ് പിടിയിലായത്.

വിധി എതിരാകുമെന്ന വിലയിരുത്തലില്‍ അതിനുമുന്‍പു തന്നെ കലാപം നടത്താനുള്ള പദ്ധതി തയാറാക്കിയിരുന്നതായി പഞ്ച്കുള കമ്മിഷണര്‍ എ.എസ്.ചൗല പറഞ്ഞു. ഹണിപ്രീതിനൊപ്പം അറസ്റ്റിലായ സുഖ്ദീപ് കൗറും ഭര്‍ത്താവ് ഇക്ബാല്‍ സിങ്ങും ദേരയുടെ അടിസ്ഥാന ഗ്രൂപ്പില്‍പ്പെട്ടവരാണ്.

ആയുധങ്ങള്‍ കൈകാര്യം ചെയ്യാനും ഡ്രൈവിങ്ങിനും സുഖ്ദീപിന് പരിശീലനം ലഭിച്ചിരുന്നു. അതേസമയം, ചോദ്യം ചെയ്യലില്‍ പൊലീസിനോടു ഹണിപ്രീത് സഹകരിച്ചില്ലെന്നു മാത്രമല്ല വഴിതെറ്റിക്കാന്‍ ശ്രമം നടത്തിയെന്നും കമ്മിഷണര്‍ പറഞ്ഞു.