ഹാദിയ കേസ് എന്‍ഐഎ അന്വേഷിക്കേണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍

single-img
7 October 2017

ന്യൂഡല്‍ഹി: ഹാദിയ കേസ് എന്‍.ഐ.എ അന്വേഷിക്കുന്നതിനെ എതിര്‍ത്ത് കേരളം സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കി. കേസ് ക്രൈംബ്രാഞ്ച് വസ്തുനിഷ്ഠമായാണ് അന്വേഷിച്ചതെന്നും എന്‍.ഐ.എ ഈ കേസ് ഏറ്റെടുക്കണമായിരുന്നെങ്കില്‍ അക്കാര്യം ചൂണ്ടിക്കാട്ടി കേരളം തന്നെ കേന്ദ്ര സര്‍ക്കാരിന് കത്ത് നല്‍കുമായിരുന്നെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.

എന്‍.ഐ.എ അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹാദിയയുടെ ഭര്‍ത്താവ് ഷെഫിന്‍ ജഹാന്‍ നല്‍കിയ ഹര്‍ജിയിലാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. ആഗസ്റ്റ് 16ന് അന്നത്തെ ചീഫ് ജസ്റ്റിസ് ജെ.എസ്.കേഹാര്‍ അദ്ധ്യക്ഷനായ ബെഞ്ചാണ് ക്രൈം ബ്രാഞ്ച് അന്വേഷിച്ചിരുന്ന കേസ് എന്‍.ഐ.എക്ക് കൈമാറിയത്. എന്നാല്‍ ഇതിനെതിരെ ഷെഫീന്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.

തുടര്‍ന്ന്, ഹാദിയയുടെ വിവാഹം റദ്ദാക്കിയ ഹൈക്കോടതി നടപടി നിയമപരമാണോയെന്നും ഇത്തരം കേസുകളില്‍ എന്‍.ഐ.എ അന്വേഷണത്തിന് ഉത്തരവിടാനാകുമോയെന്നുമുള്ള കാര്യം കോടതി പരിശോധിക്കുമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയിരുന്നു. കേസ് തിങ്കളാഴ്ച വീണ്ടും കോടതി പരിഗണിക്കുന്നുണ്ട്.

മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഈ രാജ്യത്തിന്റെ അടിത്തറയ്ക്ക് നേരേയുള്ള കടന്നാക്രമണമാണ് എന്‍.ഐ.എ അന്വേഷണമെന്നാണ് ഷെഫിന്റെ നിലപാട്. ഒരു ഹേബിയസ് കോര്‍പ്പസ് ഹര്‍ജി പരിഗണിക്കവേ വിവാഹം റദ്ദാക്കിയതും അതിനെതിരെ നല്‍കിയ അപ്പീലില്‍ എന്‍.ഐ.എ അന്വേഷണത്തിന് ഉത്തരവിട്ട സുപ്രീംകോടതി നടപടിയും തെറ്റാണെന്നും ഷെഫിന്‍ പറയുന്നു.

അതേസമയം, ഹാദിയയുടെ പൂര്‍ണമായ അധികാരം പിതാവിന് മാത്രമല്ലെന്ന് സുപ്രീംകോടതി അഭിപ്രായപ്പെട്ടിരുന്നു. 24 വയസുള്ള യുവതിയെ ബലംപ്രയോഗിച്ച് കസ്റ്റഡിയില്‍ വയ്ക്കാനോ നിയന്ത്രിക്കാനോ സാധിക്കില്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു. ആവശ്യമെങ്കില്‍ ഹാദിയയ്ക്ക് കോടതി തന്നെ ഒരു സംരക്ഷകനെ ഒരുക്കുകയോ അനുയോജ്യമായ ഇടത്തേക്ക് മാറ്റിപ്പാര്‍പ്പിക്കുകയോ ചെയ്യുമെന്നും ബെഞ്ച് വ്യക്തമാക്കിയിരുന്നു.