കൊച്ചി ഫുട്‌ബോള്‍ ലഹരിയില്‍; ബ്രസീല്‍ സ്‌പെയിന്‍ ഗ്ലാമര്‍ പോരാട്ടം ഇന്ന്

single-img
7 October 2017

ലോകകപ്പിന്റെ ആറ് വേദികളില്‍ ഒന്നായ കൊച്ചിയിലെ ആദ്യ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കമാവുകയാണ്. ലോകകപ്പിലെ ഗ്ലാമര്‍ പോരാട്ടമെന്ന് വിലയിരുത്തപ്പെടുന്ന ബ്രസീല്‍ സ്‌പെയിന്‍ പോരാട്ടത്തോടെയാണ് കൊച്ചിയിലെ മല്‍സരങ്ങള്‍ക്ക് തുടക്കമാകുക.

വൈകീട്ട് അഞ്ചിനാണ് ബ്രസീല്‍ സ്‌പെയിന്‍ പോരാട്ടം. സൂപ്പര്‍ താരം വിനിഷ്യസ് ജൂനിയര്‍ ഇല്ലാതെയാണ് ബ്രസീല്‍ ടീം ലോകകപ്പിനിറങ്ങുന്നത്. പ്രതിരോധനിര താരം വിറ്റാവോയുടെ നായകത്വത്തിലാണ് ബ്രസീല്‍ ഇറങ്ങുന്നത്. അലന്‍ സൗസ, ലിങ്കണ്‍ കൊറയ എന്നിവരാകും മുന്നേറ്റത്തില്‍ മഞ്ഞപ്പടയുടെ കുന്തമുനകള്‍.

യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പ് കിരീട നേട്ടത്തിന്റെ ആത്മവിശ്വാസവുമായാണ് സ്പാനിഷ് പട കൊച്ചിയില്‍ പന്തുതട്ടാനിറങ്ങുന്നത്. ഇതുവരെ കിട്ടാത്ത കൗമാര ലോകകിരീടം ഇത്തവണ കൈയിലൊതുക്കുകയാണ് ലക്ഷ്യമെന്ന് കോച്ച് സാന്റിയാഗോ ഡെനിയ പറഞ്ഞു.

രാത്രി എട്ടിന് നടക്കുന്ന രണ്ടാം മത്സരത്തില്‍ ഉത്തര കൊറിയയും നൈജറുമാണ് ഏറ്റുമുട്ടുന്നത്. ആദ്യമായാണ് നൈജര്‍ ഒരു ഫിഫ ടൂര്‍ണമെന്റില്‍ മത്സരിക്കാന്‍ ഇറങ്ങുന്നത്.

അതിനിടെ കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു രാജ്യാന്തര സ്റ്റേഡിയത്തിലെ ടിക്കറ്റുകളുടെ എണ്ണം കുറയ്ക്കാന്‍ കാരണം ജിസിഡിഎയുടെ പിടിപ്പുകേടെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. മടങ്ങുന്ന കസേരകള്‍ വേണമെന്ന ഫിഫയുടെ നിര്‍ദേശം അവഗണിച്ചതാണു വിനയായത്.

അത്യാവശ്യഘട്ടങ്ങളില്‍ പരമാവധി എട്ടു മിനുട്ടിനുള്ളില്‍ സ്റ്റേഡിയത്തിലെ മുഴുവന്‍ കാണികളെയും ഒഴിപ്പിക്കാന്‍ കഴിയണമെന്നതാണ് ഫിഫയുടെ മാനദണ്ഡം. ഇക്കാരണത്താലാണ് അറുപതിനായിരത്തിലേറെ പേര്‍ക്ക് ഇരിക്കാവുന്ന കലൂര്‍ സ്റ്റേഡിയത്തിലെ സീറ്റുകളുടെ എണ്ണം 41,478 ആയി നിശ്ചയിച്ചത്.

എന്നാല്‍ ഒടുവില്‍ നടത്തിയ സുരക്ഷാ പരിശോധനയില്‍ സീറ്റുകളുടെ എണ്ണം 29,000 ആയി കുറയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു. കസേരകള്‍ മടങ്ങുന്നവയല്ലാത്തതിനാല്‍ കാണികള്‍ക്ക് സ്റ്റേഡിയത്തിനു പുറത്തു കടക്കാന്‍ കൂടുതല്‍ സമയം വേണമെന്നതാണ് വിനയായത്. മടങ്ങുന്ന കസേരകള്‍ ഘടിപ്പിക്കാന്‍ ചെലവേറും എന്നതിനാല്‍ സ്റ്റേഡിയത്തിന്റെ ഉടമകളായ ജിസിഡിഎ വിലകുറഞ്ഞ മടങ്ങാത്ത കസേരകള്‍ സ്ഥാപിച്ചുവെന്നാണ് ആക്ഷേപം.