ചാനല്‍ പരിപാടിയില്‍ ‘അബദ്ധത്തില്‍ പര്‍ദ്ദ ധരിച്ചതാണെന്ന്’ പറഞ്ഞ പെണ്‍കുട്ടിക്കെതിരെ വിമര്‍ശനമുന്നയിച്ച മതപ്രഭാഷകന്‍ ബാഖവിക്കെതിരെ പ്രതിഷേധം: പെണ്‍കുട്ടിയ്ക്ക് പിന്തുണയുമായി വിദ്യാര്‍ത്ഥിനികള്‍

single-img
7 October 2017

മലപ്പുറം: മതപ്രഭാഷകനും മതമൗലികവാദികളും അപമാനിച്ച പെണ്‍കുട്ടിയ്ക്ക് പിന്തുണയുമായി വിദ്യാര്‍ത്ഥിനികള്‍ രംഗത്ത്. ചാനല്‍ പരിപാടിയില്‍ പങ്കെടുക്കവെ പര്‍ദ്ദ ധരിച്ചതിനെ കുറിച്ച് പരാമര്‍ശം നടത്തിയ പെണ്‍കുട്ടിക്കെതിരെ മതപ്രഭാഷകന്‍ നടത്തിയ പ്രസംഗം കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

അബദ്ധത്തില്‍ പര്‍ദ്ദ ധരിച്ചതാണെന്ന് പറഞ്ഞ പെണ്‍കുട്ടിക്കെതിരെയാണ് മതപ്രഭാഷകനും മതമൗലികവാദികളും വിമര്‍ശനമുന്നയിച്ച് രംഗത്തെത്തിയത്. കൊണ്ടോട്ടി ഇഎംഇഎ കോളേജിലെത്തിയ ”മഴവില്‍ മനോരമ ചാനലിലെ ഉടന്‍ പണം” പരിപാടിയില്‍ പങ്കെടുത്ത പെണ്‍കുട്ടിയാണ് അപമാനത്തിനിരയായത്. ഇതേത്തുടര്‍ന്ന് പെണ്‍കുട്ടിയെ വിമര്‍ശിച്ചും അപമാനിച്ചും നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയിരുന്നു.

ഒടുവിലിതാ തങ്ങളുടെ സഹപാഠിയ്ക്ക് പിന്തുണയുമായി കോളേജ് വിദ്യാര്‍ത്ഥികള്‍ എത്തിയിരിക്കുകയാണ്. ഇ.എം.ഇ.എ കോളേജ് യൂണിയനാണ് പെണ്‍കുട്ടിയ്ക്ക് പൂര്‍ണ പിന്തുണയുമായി രംഗത്തെത്തിയത്. അബദ്ധത്തില്‍ ചുരിദാര്‍ ഇട്ടു, അബദ്ധത്തില്‍ സ്‌കര്‍ട്ടിട്ടു, തുടങ്ങിയ പ്ലക്കാര്‍ഡുകളുമായാണ് പെണ്‍കുട്ടികളും ആണ്‍കുട്ടികളും ഒരുമിച്ച് പ്രതിഷേധം അറിയിച്ചത്.

ചാനല്‍ പരിപാടിയ്ക്കിടെ അബദ്ധത്തില്‍ പര്‍ദ്ദ ധരിച്ചെന്ന് പറഞ്ഞതാണ് മതപ്രഭാഷകനെ ചൊടിപ്പിച്ചത്. തന്റെ പ്രസംഗത്തിനിടെ രൂക്ഷമായ ഭാഷയിലാണ് ആ പെണ്‍കുട്ടിയെ ബാഖവി വിമര്‍ശിച്ചത്. നാലാള്‍ കൂടുന്നിടത്ത് കൂട്ടുകാരുടെ കൈയടി നേടാനും പബ്ലിസിറ്റിക്കും വേണ്ടി പടച്ചോന്റെ ദീനിനെ ചവുട്ടിത്തേക്കുന്നുവെന്നും മതപ്രഭാഷകന്‍ പറഞ്ഞു. പരിശുദ്ധരായ ആയിശയും ഖദീജയും ഫാത്തിമയുമൊക്കെ ധരിച്ച പുണ്യമായ പര്‍ദ്ദയെയാണ് പെണ്‍കുട്ടി അപമാനിക്കുന്നതെന്നും ഇദ്ദേഹം പ്രസംഗത്തില്‍ പറയുന്നുണ്ട്.

പര്‍ദ്ദ ധരിച്ചത് അബദ്ധത്തിലാണെന്ന് പറയുന്ന പെണ്‍കുട്ടി എന്നെ സ്വര്‍ഗത്തിലേക്ക് കൊണ്ടുപോകണമെന്നാണ് ദുആ ചെയ്യുന്നത്. എന്നാല്‍ ആരു പോകുന്ന സ്വര്‍ഗമാണ് അവള്‍ ചോദിക്കുന്നതെന്നും ഇദ്ദേഹം ചോദിക്കുന്നു. കബറടക്കുമ്പോള്‍ പോലും അന്യ പുരുഷന്മാര്‍ തന്റെ ശരീരം കാണരുതെന്ന് പറഞ്ഞ ഫാത്തിമയുടെ സ്വര്‍ഗത്തില്‍ പോകണമെന്നാണ് ഇവള്‍ പറയുന്നത്.

ഇവള്‍ക്ക് കയ്യടിച്ചവരെല്ലാം മരിച്ച് മണ്ണായി പുഴുവരിച്ച് പള്ളിക്കാട്ടില്‍ കിടക്കുന്ന ഒരു ദിവസം വരുമെന്നും ഇദ്ദേഹം പറയുന്നുണ്ട്.
മതത്തേയും പര്‍ദ്ദയെയും അപമാനിക്കുന്ന തരത്തില്‍ സംസാരിക്കാന്‍ കാരണം ചെറുപ്പത്തിലേ മദ്രസയില്‍ അയച്ചും മറ്റും മതം പഠിപ്പിക്കാത്തത് കൊണ്ടാണെന്നും ഇദ്ദേഹം പ്രസംഗത്തില്‍ ആരോപിക്കുന്നുണ്ട്.