തിരുവനന്തപുരത്ത് ആര്‍എസ്എസ് ശാഖയില്‍ ചേരാന്‍ വിസമ്മതിച്ച വിദ്യാര്‍ത്ഥിയെ എബിവിപി പ്രവര്‍ത്തകര്‍ പൂര്‍ണ നഗ്‌നനായി മര്‍ദ്ദിച്ചു

single-img
7 October 2017

ആര്‍എസ്എസ് ശാഖാ പ്രവര്‍ത്തനങ്ങളില്‍ ചേരാന്‍ വിസമ്മതിച്ച വിദ്യാര്‍ത്ഥിയെ എബിവിപി പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു. തിരുവനന്തപുരം ധനുവച്ചപുരം ബിടിഎം എന്‍എസ്എസ് കോളേജിലെ അഭിജിത്ത് എന്ന യുവാവിനാണ് മര്‍ദ്ദനമേറ്റത്. ഒരു കൂട്ടം എബിവിപി പ്രവര്‍ത്തകര്‍ ക്യാമ്പസില്‍ വെച്ച് യുവാവിനെ വിവസ്ത്രനാക്കി മര്‍ദ്ദിക്കുകയായിരുന്നു.

ഇക്കഴിഞ്ഞ ഒക്ടോബര്‍ മൂന്നിനാണ് കോളേജില്‍ വച്ച് ഒന്നാം വര്‍ഷ പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ത്ഥിയും നേമം സ്വദേശിയുമായ അഭിജിത്തിന് നേര്‍ക്ക് എബിവിപി പ്രവര്‍ത്തകരുടെ കാടത്തം അരങ്ങേറിയത്. എസ്.എഫ്‌ഐക്കാരനാണ് അഭിജിത്തെന്നും കോളേജില്‍ എസ്.എഫ്‌ഐയുടെ യൂണിറ്റ് രൂപീകരിക്കുമെന്നും ആരോപിച്ചായിരുന്നു മര്‍ദ്ദനം.

നിലവില്‍ കോളേജില്‍ എ.ബി.വി.പിക്ക് മാത്രമാണ് യൂണിറ്റുള്ളത്. കാന്റീനിലേക്ക് ഭക്ഷണം കഴിക്കാന്‍ പോകുന്നതിനിടെ എ.ബി.വി.പി പ്രവര്‍ത്തര്‍ തടഞ്ഞുനിറുത്തി ആഴ്ചയിലൊരിക്കല്‍ കോളേജില്‍ നടക്കുന്ന ആര്‍.എസ്.എസ് ശാഖയില്‍ പങ്കെടുക്കണമെന്നു ആവശ്യപ്പെട്ടു. ഇതിനു വിസമ്മതിച്ച തന്നെ വസ്ത്രങ്ങള്‍ വലിച്ചൂരിയ ശേഷം മര്‍ദ്ദിക്കുകയായിരുന്നെന്ന് അഭിജിത്ത് പറഞ്ഞു.

യൂണിയന്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ച എബിവിപി പ്രവര്‍ത്തകര്‍ ആഹ്ലാദ പ്രകടനമായി വരുമ്പോള്‍ പ്രകടനത്തിന് മുന്നില്‍ കൊടിപിടിച്ച് നടക്കാനും, രാഖി കെട്ടാതെ മേലാല്‍ കോളേജില്‍ വരരുത് എന്നും അഭിജിത്തിനെ താക്കീത് ചെയ്തിരുന്നു.
കൊടി പിടിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞപ്പോള്‍ വീണ്ടും മര്‍ദ്ദിച്ചു. കോളേജ് മാറ്റം ആവശ്യപ്പെട്ട് കേരളാ സര്‍വ്വകലാശാലയിലെത്തിയപ്പോഴായിരുന്നു സംഭവം പുറത്തറിഞ്ഞത്.

സംഭവത്തിന് ശേഷം ഭയപ്പാട് മൂലം രണ്ട് ദിവസം ക്ലാസില്‍ പോകാതിരുന്ന വിദ്യാര്‍ത്ഥി ഇന്നലെയാണ് കോളേജില്‍ എത്തിയത്.
സംഭവത്തെക്കുറിച്ച് നേമം പൊലീസില്‍ പരാതി നല്‍കിയതായി അഭിജിത്ത് വ്യക്തമാക്കി. എന്നാല്‍ സംഭവം സംബന്ധിച്ച് തങ്ങള്‍ക്ക് വിദ്യാര്‍ത്ഥിയില്‍ നിന്ന് പരാതിയൊന്നും കിട്ടിയിട്ടില്ലെന്ന് കോളേജ് അധികൃതര്‍ അറിയിച്ചു.