തൂക്കിക്കൊല്ലുന്നതിനെതിരെ സുപ്രീംകോടതി: “കുറ്റവാളികള്‍ സമാധാനത്തില്‍ വേണം മരിക്കാന്‍; അല്ലാതെ വേദനയോടെയാകരുത്”

single-img
6 October 2017

രാജ്യത്ത് വധശിക്ഷ നടപ്പാക്കാന്‍ തൂക്കിക്കൊല ഒഴികെയുള്ള മറ്റ് മാര്‍ഗ്ഗങ്ങള്‍ തേടിക്കൂടെയെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീം കോടതി. തൂക്കിക്കൊല ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ റിഷി മല്‍ഹോത്ര സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ പരാമര്‍ശം.

ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതി നോട്ടീസ് അയച്ചു. കുറ്റവാളികള്‍ സമാധാനത്തില്‍ വേണം മരിക്കാന്‍, അല്ലാതെ വേദനയോടെയാകരുത്. ഒരു മനുഷ്യന് മാന്യമായ മരണമാണ് വേണ്ടതെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.

ഹര്‍ജി പരിഗണിച്ച സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയാണ് നിരീക്ഷണങ്ങള്‍ നടത്തിയത്. വധശിക്ഷയുടെ ഭരണഘടനാ സാധുതയല്ല കോടതി ചോദ്യം ചെയ്യുന്നതെന്നും സുപ്രീം കോടതി എടുത്തുപറഞ്ഞു.

ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ വധശിക്ഷ നടപ്പാക്കുന്നതിനുള്ള മറ്റ് മാര്‍ഗ്ഗങ്ങളെക്കുറിച്ച് ചിന്തിക്കണമെന്നാവശ്യപ്പെട്ട് അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാലിന്റെ സഹായത്തോടെയാണ് കേന്ദ്രത്തിന് സുപ്രീംകോടതി നോട്ടീസ് അയച്ചത്.

ഇന്ന് സാധുത ഉള്ളതിന് ഭാവിയില്‍ സാധുത ഉണ്ടാവണമെന്നില്ലെന്നും കോടതി ഹര്‍ജി പരിഗണിക്കുന്നതിനിടെ നിരീക്ഷിച്ചു. ഹര്‍ജിയില്‍ മൂന്നാഴ്ചയ്ക്കുശേഷം കോടതി വാദം കേള്‍ക്കും. തൂക്കിക്കൊല്ലുന്നത് ഒഴിവാക്കി മരുന്ന് കുത്തിവയ്ക്കുന്നതടക്കമുള്ള മാര്‍ഗങ്ങള്‍ പരിശോധിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്.