എഐഎഡിഎംകെ നേതാവ് വി.കെ.ശശികലയ്ക്ക് പരോള്‍ അനുവദിച്ചു

single-img
6 October 2017

ചെന്നൈ: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശിക്ഷിക്കപ്പെട്ട് ബംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലില്‍ തടവില്‍ കഴിയുന്ന എഐഎഡിഎംകെ നേതാവ് വി.കെ.ശശികലയ്ക്ക് പരോള്‍ അനുവദിച്ചു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഭര്‍ത്താവിനെ സന്ദര്‍ശിക്കുന്നതിന് അഞ്ച് ദിവസത്തെ പരോള്‍ ആണ് ശശികലയ്ക്ക് അനുവദിച്ചിരിക്കുന്നത്.

തമിഴ്‌നാട് മന്ത്രിമാരെ കാണുന്നതിന് ശശികലയ്ക്ക് വിലക്കുണ്ട്. മുന്‍പ് നല്‍കിയ പരോള്‍ അപേക്ഷകള്‍ തള്ളിയതിനെ തുടര്‍ന്നാണ് ഭര്‍ത്താവിന്റെ ആരോഗ്യവിവരങ്ങള്‍ വ്യക്തമാക്കുന്ന സാക്ഷ്യപത്രത്തോടൊപ്പം അടിയന്തിര പരോളിന് അപേക്ഷിച്ചത്.

കഴിഞ്ഞ ദിവസം ശശികലയുടെ ഭര്‍ത്താവ് നടരാജന്‍ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. ശശികലയ്ക്ക് പരോള്‍ അനുവദിക്കുന്നതില്‍ എതിര്‍പ്പില്ലെന്നു തമിഴ്‌നാട് പോലീസ് കര്‍ണാടക സര്‍ക്കാരിനെ അറിയിച്ചതിനേത്തുടര്‍ന്നാണ് പരോള്‍ അനുവദിച്ചത്.