ജാമ്യം റദ്ദാക്കി വീണ്ടും ജയിലിലാക്കാന്‍ ദിലീപിനു പിന്നാലെ നിഴലുപോലെ മഫ്തിയില്‍ അന്വേഷണസംഘം: കരുതലോടെ താരം

single-img
6 October 2017

ആലുവ: നടിയെ ആക്രമിച്ച കേസില്‍ ജാമ്യം ലഭിച്ചു പുറത്തിറങ്ങിയ ദിലീപിനു പിന്നാലെ കരുതലോടെ അന്വേഷണസംഘം. ദിലീപിന്റെ ഒരോ നീക്കങ്ങളും സസൂക്ഷ്മം വീക്ഷിച്ച് ദിലീപിന്റെ പിന്നില്‍ത്തന്നെ പോലീസ് ഉണ്ടെന്നാണ് വിവരം. നടന്റെ ഫോണ്‍ കോളുകള്‍ അടക്കമുള്ളവ പോലീസ് നിരീക്ഷണത്തിലാണ്. രഹസ്യാന്വേഷണ വിഭാഗത്തിന്റെ നേതൃത്വത്തിലാണു നിരീക്ഷണങ്ങള്‍ നടക്കുന്നത്.

ദിലീപിനെ കൂടാതെ സുഹൃത്തുക്കള്‍, ബന്ധുക്കള്‍ എന്നിവരുടെ നീക്കങ്ങളും പോലീസ് വിലയിരുത്തുന്നുണ്ട്. ഇവര്‍ മുഖേനയോ നേരിട്ടോ ദിലീപ് കേസുമായി ബന്ധപ്പെട്ട് എന്തെങ്കിലും ഇടപെടലുകള്‍ നടത്തിയാല്‍ ജാമ്യം റദ്ദാക്കാനുള്ള നടപടികളുമായി കോടതിയെ സമീപിക്കാനാണ് അധികൃതരുടെ നീക്കം.

എന്നാല്‍, ഇതുവരെ ദിലീപിന്റെ ഭാഗത്തുനിന്ന് ഇത്തരത്തില്‍ ഒരു നീക്കവും കണ്ടെത്താനായിട്ടില്ലെന്നാണ് പോലീസ് നല്‍കുന്ന വിവരം. ദിലീപിന്റെ നീക്കങ്ങള്‍ അറിയുന്നതിനായി മഫ്തിയില്‍ പോലീസ് ഉദ്യോഗസ്ഥര്‍ നിഴലുപോലെ പിന്നാലെയുണ്ട്.

എന്നാല്‍ ആരാധനാലയങ്ങളില്‍ വഴിപാട് നടത്തിയും കുടുംബത്തോടൊപ്പം സമയം ചെലഴിച്ചുമാണ് ദിലീപ് സ്വാതന്ത്ര്യത്തിന്റെ രണ്ടുനാള്‍ പിന്നിട്ടത്. ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ച അന്നുരാത്രിതന്നെ അഭിഭാഷകനായ രാമന്‍പിള്ളയെ ദിലീപ് സന്ദര്‍ശിച്ചിരുന്നു.

നന്ദി അറിയിക്കുന്നതിലുപരി ജാമ്യവ്യവസ്ഥകളെക്കുറിച്ച് ചോദിച്ചറിയാനും കേസിനെ ബാധിക്കാത്തവിധം മുന്നോട്ടുപോകുന്നതിനുമുള്ള ഉപദേശം നേടാന്‍ കൂടിയായിരുന്നു ഭാര്യ കാവ്യക്കൊപ്പമുള്ള ദിലീപിന്റെ സന്ദര്‍ശനമെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം ജാമ്യംനേടി പുറത്തുവന്ന അന്നു രാത്രിതന്നെ ദിലീപിനെതിരേ നിയമയുദ്ധം നടത്തിവരുന്ന ആലുവ പറവൂര്‍ കവലയിലെ അഭിഭാഷകന്‍ കെ.സി.സന്തോഷിന്റെ വീടിനുനേരെ അജ്ഞാതര്‍ ആക്രമണം നടത്തിയിരുന്നു. ഈ സംഭവത്തില്‍ ദിലീപിന് പങ്കില്ലെന്നാണ് ആലുവ പോലീസിന്റെ പ്രഥമിക നിഗമനം. എന്നാല്‍ രണ്ടുദിവസം കഴിഞ്ഞിട്ടും സംഭവത്തിലെ പ്രതികളെ കണ്ടെത്താന്‍ കഴിയാത്തതും പോലീസിനു തലവേദന സൃഷ്ടിച്ചിരിക്കയാണ്.

കേസില്‍ കാവ്യയേയും നാദിര്‍ഷായേയും ചോദ്യം ചെയ്യുന്നതില്‍ പോലീസിന് അന്തിമ തീരുമാനം ഇനിയും എടുക്കാനായിട്ടില്ല. അതില്ലാതെ തന്നെ ദിലീപിനെ കുടുക്കാനാകുമെന്നാണ് പോലീസ് വിലയിരുത്തല്‍. ദിലീപിന്റെ ജാമ്യം റദ്ദാക്കുന്നതിനെക്കുറിച്ച് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറോട് നിയമോപദേശവും അന്വേഷണസംഘം തേടിയിട്ടുണ്ട്.

ജാമ്യം കിട്ടിയതിനു പിന്നാലെ നടിയെ ആക്രമിച്ച കേസില്‍ തനിക്ക് പങ്കുണ്ടെന്ന തരത്തില്‍ പള്‍സര്‍ സുനിയെ ഒളിവില്‍ കഴിയാന്‍ സഹായിച്ച ചാര്‍ളിയുടെ രഹസ്യമൊഴി പുറത്തുവന്നത് ദിലീപിനെ കൂടുതല്‍ അസ്വസ്ഥനാക്കിയിട്ടുണ്ടെന്നാണു വിവരം.
കേസിലെ ഏഴാം പ്രതിയാണ് ചാര്‍ളി.

ഇതോടെ കേസില്‍ ചാര്‍ളി മാപ്പുസാക്ഷിയാകും. നടിയുടെ ദൃശ്യങ്ങള്‍ തന്നെ പ്രതികള്‍ ഫോണില്‍ കാണിച്ചിരുന്നുവെന്നും ചാര്‍ളി കോടതിയില്‍ പറഞ്ഞു. പിടിയിലായപ്പോള്‍ തന്നെ അന്വേഷണസംഘത്തോട് ഇക്കാര്യം വെളിപ്പെടുത്തിയിരുന്നുവെങ്കിലും അവഗണിച്ചുവെന്നും മൊഴിയിലുണ്ട്.

കോയമ്പത്തൂരിലെ ചാര്‍ളിയുടെ താമസസ്ഥലത്താണ് പോലീസ് പിടിയിലാകുന്നതിന് മുന്‍പ് പ്രതി സുനില്‍ കുമാര്‍ ഒളിവില്‍ കഴിഞ്ഞത്. ദിലീപിന്റെ ക്വട്ടേഷനെന്ന് സുനില്‍കുമാര്‍ ആദ്യം പറഞ്ഞത് ചാര്‍ളിയോടായിരുന്നു. കൃത്യം നടന്ന് മൂന്ന് ദിവസത്തിന് ശേഷമായിരുന്നു ഇത്. ഒന്നരക്കോടി രൂപയാണ് ക്വട്ടേഷന്‍ തുകയെന്നും സുനി പറഞ്ഞെന്ന് ചാര്‍ളി രഹസ്യമൊഴി നല്‍കി.

അതേസമയം ഗായിക റിമി ടോമിയുടേതടക്കമുള്ളവരുടെ രഹസ്യമൊഴികള്‍ കോടതിയില്‍ രേഖപ്പെടുത്തി ദിലീപിന്റെ കുരുക്ക് കൂടുതല്‍ മുറുക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. റിമി ടോമി കോതമംഗലം മജിസ്‌ട്രേട്ട് കോടതി മുന്‍പാകെയാണ് രഹസ്യമൊഴി നല്‍കിയത്.

എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ടിന്റെ ഉത്തരവു പ്രകാരമാണു മൊഴി രേഖപ്പെടുത്തിയത്. ഇന്നലെ രണ്ടരയോടെയാണു മജിസ്‌ട്രേട്ടിന്റെ ചേംബറില്‍ ഹാജരായത്. നടീനടന്മാരുടെ സംഘടനയായ ‘അമ്മ’യുടെ താരനിശയുടെ റിഹേഴ്‌സല്‍ ക്യാംപില്‍ നടന്‍ ദിലീപും ഉപദ്രവത്തിന് ഇരയായ നടിയുമായി വാക്കേറ്റമുണ്ടായതായി പോലീസ് കണ്ടെത്തിയിരുന്നു.

ഇതുസംബന്ധിച്ചുള്ള മൊഴിയും സ്റ്റേജ് ഷോകള്‍ക്കു വേണ്ടി ദിലീപുമൊത്തുള്ള വിദേശയാത്രകളുടെ വിശദാംശങ്ങളുമാണു റിമിക്ക് അറിയാവുന്നത്. ഇതു സംബന്ധിക്കുന്ന മൊഴികളാണ് റിമി നല്‍കിയത്. ഇതിന്റെയെല്ലാം അടിസ്ഥാനത്തില്‍ അന്വേഷണസംഘത്തെ ഭയന്നുകൊണ്ടു തന്നെയാണ് ദിലീപിന്റെ ഓരോ നീക്കങ്ങളും.

അതിനിടെ കഴിഞ്ഞ ദിവസം തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കിന്റെ പ്രസിഡന്റ് സ്ഥാനം സംഘടന തിരികെ നല്‍കിയെങ്കിലും ദിലീപ് അത് നിരസിക്കുകയായിരുന്നു. ആരവങ്ങളില്‍ നിന്നും അധികാരസ്ഥാനങ്ങളില്‍നിന്നും ഒഴിഞ്ഞുമാറാനാണ് തല്‍ക്കാലം നടന്റെ തീരുമാനം. ചിത്രീകരണം തുടങ്ങിയ രണ്ടു ചിത്രങ്ങളിലെ അഭിനയത്തിന്റെ കാര്യവും അനിശ്ചിതത്വത്തിലാണ്. ഒടുവില്‍ താന്‍ അഭിനയിച്ച് റിലീസായ രാമലീല തിയേറ്ററില്‍ പോയി കാണാനും ദിലീപ് തിടുക്കം കൂട്ടിയില്ല.