യുഡിഎഫിന്റെ രാപ്പകല്‍ സമരം ആരംഭിച്ചു

single-img
5 October 2017

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ നയങ്ങള്‍ക്കെതിരെ സംസ്ഥാന വ്യാപകമായി യുഡിഎഫ് രാപ്പകല്‍ സമരം ആരംഭിച്ചു. ഇന്ന് രാവിലെ 10 മണിക്ക് ആരംഭിച്ച സമരം നാളെ രാവിലെ 10 മണിക്ക് അവസാനിക്കും. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നില്‍ കെപിസിസി അധ്യക്ഷന്‍ എം.എം.ഹസനാണ് സമരത്തിന് തുടക്കം കുറിച്ചത്.

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടേത് ജനരക്ഷാ യാത്രയല്ല രാക്ഷസയാത്രയാണെന്ന് എം എം ഹസ്സന്‍ ആരോപിച്ചു. അമിത് ഷാ യാത്ര നടത്തിയ ഇടങ്ങളിലെല്ലാം ജനജീവിതം താറുമാറായ ചരിത്രമാണുള്ളത്. ഗുജറാത്തിലും യുപിയിലും അടക്കം ഇതിന് തെളിവാണെന്ന് ഹസ്സന്‍ പറഞ്ഞു.

കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ അതേപടി തുടരുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നതെന്നും ഹസ്സന്‍ ആരോപിച്ചു. ഇതില്‍ നിന്നും എന്തുകിട്ടുമെന്നാണ് സര്‍ക്കാര്‍ ചിന്തിക്കുന്നതെന്നും ഹസ്സന്‍ ചോദിച്ചു.

മറ്റു ജില്ലകളില്‍ കളക്ട്രേറ്റുകള്‍ക്ക് മുന്നിലാണ് സമരം. എംപിമാര്‍, എംഎല്‍എമാര്‍, യുഡിഎഫ് നേതാക്കള്‍, പഞ്ചായത്ത്, മുനിസിപ്പല്‍, കോര്‍പ്പറേഷന്‍ അംഗങ്ങള്‍ തുടങ്ങിയവരും സമരത്തില്‍ പങ്കെടുക്കുന്നുണ്ട്.

വേങ്ങര ഉപതെരഞ്ഞെടുപ്പ് കണക്കിലെടുത്ത് മലപ്പുറത്തെ സമരത്തില്‍ നിന്ന് ഒഴിവാക്കി. മലപ്പുറത്ത് വോട്ടെണ്ണലിന് ശേഷം ഈ മാസം 19ന് രാപ്പകല്‍ സമരം നടത്തുമെന്ന് യുഡിഎഫ് കണ്‍വീനര്‍ പിപി തങ്കച്ചന്‍ അറിയിച്ചു.