ഇന്ധനവില കുറയ്ക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം കേരളം തള്ളി: കേന്ദ്രം ആദ്യം കുറയ്ക്കട്ടെയെന്ന് തോമസ് ഐസക്

single-img
5 October 2017

ഇന്ധനവില കുറയ്ക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം കേരളം തള്ളി. കേന്ദ്രം ആദ്യം നികുതി കുറയ്ക്കട്ടെ. അതിനു ശേഷം സംസ്ഥാനം നികുതി കുറയ്ക്കുന്ന കാര്യം ആലോചിക്കാം. അല്ലാതെ സംസ്ഥാനം നികുതി കുറയ്ക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രം അവരുടെ തെറ്റായ നയത്തിന്റെ പാപഭാരം സംസ്ഥാനങ്ങളുടെ തലയിലേക്ക് അടിച്ചേല്‍പ്പിക്കേണ്ട. കേന്ദ്രം നികുതി കുറച്ചാല്‍ സ്വാഭാവികമായും സംസ്ഥാനങ്ങളുടെ നികുതിയും കുറയുമെന്ന് തോമസ് ഐസക് പറഞ്ഞു.

ജി.എസ്.ടിയുണ്ടാക്കിയ സാമ്പത്തിക ബാധ്യതയ്ക്ക് പുറമെ അധികഭാരം എടുക്കാനാകില്ല. എക്‌സൈസ് നികുതിയില്‍ രണ്ടുരൂപ കുറച്ചത് കേന്ദ്രസര്‍ക്കാരിന്റെ തട്ടിപ്പാണെന്നും തോമസ് ഐസക് ആലപ്പുഴയില്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ പെട്രോളിന് 14 രൂപയും ഡീസലിനു 12 രൂപയും നികുതി വര്‍ധിപ്പിച്ചിരുന്നു.

കഴിഞ്ഞ മാസം ഏവിയേഷന്‍ ഇന്ധന നികുതി കുറയ്ക്കണമെന്ന കേന്ദ്രത്തിന്റെ കത്ത് സംസ്ഥാനം പാലിച്ചിരുന്നു. ഏവിയേഷന്‍ ഇന്ധന നികുതി 28ശതമാനത്തില്‍ നിന്ന് അഞ്ചു ശതമാനമായി കുറച്ചു. പിറ്റേന്ന് കേന്ദ്രം ഏവിയേഷന്‍ ഇന്ധനവില കൂട്ടുകയാണ് ചെയ്തതെന്നും തോമസ് ഐസക് പറഞ്ഞു.