മുഖ്യമന്ത്രി പിണറായി വിജയന്റെ ജന്മനാട്ടിലൂടെയുള്ള പദയാത്രയില്‍ അമിത് ഷാ പങ്കെടുക്കില്ല

single-img
5 October 2017

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷാ യാത്രയിലെ പിണറായി വഴിയുള്ള പദയാത്രയില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പങ്കെടുക്കില്ല. ഡല്‍ഹിയിലെ തിരക്കിട്ട രാഷ്ട്രീയ ചര്‍ച്ചകള്‍ മൂലമാണ് അമിത് ഷായ്ക്ക് പങ്കെടുക്കാനാവാത്തതെന്നാണ് ബിജെപിയുടെ വിശദീകരണം.

മുഖ്യമന്ത്രി പിണറായി വിജയന്റെ ജന്മനാട്ടിലൂടെ യാത്ര കടന്നുപോകുമ്പോള്‍ അമിത് ഷാ യാത്രയില്‍ പങ്കെടുക്കുമെന്ന അറിയിപ്പ് വന്‍ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. വ്യാഴാഴ്ച വൈകിട്ടത്തെ സമാപന പരിപാടിയിലും അമിത് ഷാ പങ്കെടുക്കില്ലെന്നാണ് അറിയുന്നത്.

പയ്യന്നൂരില്‍ ജനരക്ഷായാത്ര ഉദ്ഘാടനം ചെയ്ത ശേഷം ഡല്‍ഹിക്ക് മടങ്ങിയ അമിത് ഷാ ഇന്ന് പിണറായിയില്‍ യാത്ര എത്തുമ്പോള്‍ പങ്കെടുക്കാന്‍ തിരിച്ചെത്തുമെന്നായിരുന്നു പാര്‍ട്ടി നേതാക്കള്‍ അറിയിച്ചിരുന്നത്. അമിത് ഷായുടെ വരവ് റദ്ദാക്കിയതിന്റെ കൃത്യമായ കാരണം വ്യക്തമല്ല.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഡല്‍ഹിയില്‍ തങ്ങണമെന്ന് ആവശ്യപ്പെട്ടത് അനുസരിച്ചാണ് അമിത് ഷാ പദയാത്ര റദ്ദാക്കിയതെന്നാണ് നേതാക്കളുടെ വിശദീകരണം. മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലത്തിലൂടെയുള്ള പദയാത്രയില്‍ അമിത് ഷാ പങ്കെടുക്കുമെന്ന് അറിഞ്ഞതോടെ സിപിഎം പ്രവര്‍ത്തകര്‍ കടകളടച്ച് പ്രതിഷേധിക്കാന്‍ തീരുമാനിച്ചിരുന്നു.

പിണറായിയിലെ കടകളെല്ലാം അടഞ്ഞു കിടക്കുകയാണ്. ഇതിനിടെ കൊല്ലപ്പെട്ട സി.പി.എം. പ്രവര്‍ത്തകരുടെ ചിത്രങ്ങളും പേരുകളുമടങ്ങിയ ബോര്‍ഡുകള്‍ പിണറായി ടൗണിലും പരിസരത്തും വ്യാപകമായി സി.പി.എം. സ്ഥാപിച്ചിട്ടുണ്ട്. അമിത്ഷാ അടക്കമുള്ള ദേശീയനേതാക്കളുടെ ശ്രദ്ധയില്‍ കൊണ്ടുവരാനാണ് ഇംഗ്ലീഷിലുള്ള ബോര്‍ഡുകള്‍ സ്ഥാപിച്ചതെന്നാണ് പാര്‍ട്ടി പറയുന്നത്.