സാമന്ത നാഗചൈതന്യ കല്ല്യാണത്തിന് ചിലവ് പത്ത് കോടി

single-img
5 October 2017


തെന്നിന്ത്യന്‍ സിനിമാ ലോകം കാത്തിരിയ്ക്കുന്ന വിവാഹമാണ് സാമന്തയുടെയും നാഗ ചൈതന്യയുടെയും. ഹൈദരാബാദില്‍ നടക്കുന്ന വിവാഹസത്കാരത്തിനുള്ള ഒരുക്കങ്ങള്‍ ഒരു സിനിമയെപ്പോലും വെല്ലുന്ന ബജറ്റിലാണ് നടക്കുന്നതെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. ഒക്ടോബര്‍ അറിനും എട്ടിനുമാണ് വിവാഹച്ചടങ്ങുകള്‍.

ഹിന്ദു-ക്രൈസ്തവ ആചാരങ്ങള്‍ പ്രകാരം നടക്കുന്ന വിവാഹച്ചടങ്ങില്‍ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും അടങ്ങുന്ന നൂറ് പേര്‍ക്ക് മാത്രമാണ് ക്ഷണമുള്ളത്. എന്നാല്‍, അതായിരിക്കില്ല ഹൈദരാബാദില്‍ നടക്കുന്ന വിവാഹസത്കാരത്തിന്റെ കഥ. ഇന്ത്യന്‍ സിനിമയിലെ ഒട്ടുമിക്ക പ്രമുഖരും അന്ന് സത്കാരത്തിനെത്തുമെന്നാണ് റിപ്പോര്‍ട്ട്.

വിവാഹത്തിനെത്തുന്ന അതിഥികളെ സ്വീകരിക്കാന്‍ ചാര്‍ട്ടേഡ് ഫ്‌ലൈറ്റ് തന്നെ സജ്ജീകരിച്ചിട്ടുണ്ട്. ടോളിവുഡില്‍ നിന്നും ചിരഞ്ജീവി, പവന്‍ കല്യാണ്‍, മഹേഷ് ബാബു, പ്രഭാസ്, ജൂനിയര്‍ എന്‍ടിആര്‍, വെങ്കിടേഷ്, റാണാ ദഗുബതി, രാം ചരണ്‍, അല്ലു അര്‍ജ്ജുന്‍ തുടങ്ങിയ വന്‍താര നിര തന്നെ ഉണ്ടാകും.

ആര്‍ഭാടവും ആഘോഷവും വേണ്ടുവോളമുള്ള സത്കാരത്തിന് പത്ത് കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. വിവാഹത്തിന് സാമന്ത അണിയുന്ന വസ്ത്രങ്ങളും ആഭരണങ്ങളും ഇപ്പോള്‍ തന്നെ വന്‍ ഹിറ്റായിക്കഴിഞ്ഞിട്ടുണ്ട്. അവയുടെ ചിത്രങ്ങള്‍ സാമന്ത തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തുവിട്ടത്. ഇതെല്ലാം കണ്ട് ഒരു പുതിയ ചിത്രത്തിനുവേണ്ടി കാത്തിരിക്കുന്നപോലെയാണ് ആളുകള്‍ വിവാഹത്തിനുവേണ്ടിയും കാത്തിരിക്കുന്നത്.