എല്ലാത്തിനും അതീതനാണ് ദിലീപ്; നാളെ അതിശക്തനായി അയാള്‍ തിരികെയെത്തും: ജയിലിന് മുന്നില്‍ സൃഷ്ടിക്കപ്പെട്ടത് കോടികളുടെ പിആര്‍ വര്‍ക്കെന്നും ഡിവൈഎഫ്‌ഐ നേതാവ് എഎ റഹീം

single-img
5 October 2017

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ 85 ദിവസത്തെ ജയില്‍വാസത്തിന് ശേഷം ജാമ്യം ലഭിച്ച നടന്‍ ദിലീപ് പുറത്തിറങ്ങിയപ്പോള്‍ ആഘോഷിക്കാന്‍ തിങ്ങി കൂടിയ ആരാധകര്‍ക്കെതിരെ ഡിവൈഎഫ്‌ഐ നേതാവ് എഎ റഹീം. ജയിലിന് മുന്നില്‍ സൃഷ്ടിക്കപ്പെട്ടത് കോടികളുടെ പിആര്‍ വര്‍ക്കാണെന്നും, നാളെ ദിലീപിനെതിരെ സാക്ഷി പറയേണ്ടവര്‍ മാളത്തിലൊളിക്കാന്‍ പര്യാപ്തമായ ശ്രമമാണ് നടന്നതെന്നും അദ്ദേഹം പറഞ്ഞു.

എല്ലാത്തിനും അതീതനാണ് ദിലീപ്, നാളെ അതിശക്തനായി അയാള്‍ തിരികെയെത്തും എന്ന പൊതു ബോധമൊരുക്കുന്നത് സാക്ഷികളെ നിര്‍ജീവമാക്കി കീഴടക്കി കേസ് ജയിക്കാനാണെന്ന് അദ്ദേഹം ആരോപിച്ചു. ഫേസ്ബുക്കിലൂടെയാണ് ദിലീപ് ആരാധകരെ വിമര്‍ശിച്ച് റഹീം രംഗത്ത് എത്തിയത്.

ജാമ്യം അനുവദിച്ച വിധിന്യായത്തില്‍ കോടതി സാക്ഷികളെ സ്വാധീനിക്കരുത് എന്ന് പറഞ്ഞിരുന്നു. എന്നാല്‍ നേരിട്ട് വിളിച്ചോ ഭീഷണിപ്പെടുത്തിയോ ദിലീപിന് ഒരു സാക്ഷിയെയും സ്വാധീനിക്കേണ്ടി വരില്ലെന്നും താന്‍ ശക്തമായി തിരികെയെത്തുന്നുണ്ട് എന്ന സന്ദേശം കൊടുത്താല്‍ മാത്രം മതിയെന്നും അദ്ദേഹം പറയുന്നു.

ദിലീപിനെ ഒരു കോടതിയും കുറ്റ വിമുക്തനാക്കിയിട്ടില്ല, അയാളെ പ്രതി ചേര്‍ത്തതില്‍ പിശകുണ്ടെന്നു ഒരു കോടതിയും എവിടെയും പറഞ്ഞിട്ടുമില്ല. അയാള്‍ ഇപ്പോഴും കുറ്റാരോപിതനാണ്. പ്രോസിക്കൂഷന്‍ വാദം ശരിയാണെങ്കില്‍ മാപ്പര്‍ഹിക്കാത്ത മഹാ അപരാധം ചെയ്തവനെന്നും റഹീം പറഞ്ഞു.

അതേസമയം കുറ്റം തെളിഞ്ഞിട്ടേ കല്ലെറിയാന്‍ പാടുള്ളൂ എന്നതു പോലെത്തന്നെ പിന്തുണയും ആര്‍പ്പുവിളികളും അതിനു ശേഷം മാത്രം മതിയെന്ന് കൂടി വയ്ക്കുമോ? എന്ന് ചോദിച്ചാണ് അദ്ദേഹം തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.