യുഡിഎഫ് രാപ്പകല്‍ സമരത്തില്‍ പങ്കെടുത്ത് പി.ജെ.ജോസഫ്; മുന്നണി വിട്ടശേഷം ഒരു കേരള കോണ്‍ഗ്രസ് നേതാവ് യുഡിഎഫ് യോഗത്തില്‍ സംബന്ധിക്കുന്നത് ആദ്യം

single-img
5 October 2017

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ നയങ്ങള്‍ക്കെതിരെ സംസ്ഥാന വ്യാപകമായി യുഡിഎഫ് നടത്തുന്ന രാപ്പകല്‍ സമരത്തിന് പിന്തുണയുമായി കേരള കോണ്‍ഗ്രസ് എം വര്‍ക്കിംഗ് ചെയര്‍മാന്‍ പി.ജെ ജോസഫ്. തൊടുപുഴയിലെ സമരപ്പന്തലിലാണ് സമരത്തിന് ആശംസ നേരാന്‍ പിജെ ജോസഫ് എത്തിയത്.

പതിനഞ്ചുമിനിറ്റോളം പ്രസംഗിച്ച അദ്ദേഹം കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരേ കനത്ത വിമര്‍ശനങ്ങളാണ് ഉന്നയിച്ചത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ യുഡിഎഫ് വിട്ട കേരളാ കോണ്‍ഗ്രസ് എം ഇരുമുന്നണികളിലുമില്ലാതെ തുടരുകയാണ്. ഇതിനുശേഷം ആദ്യമായാണ് ഒരു കേരള കോണ്‍ഗ്രസ് നേതാവ് യുഡിഎഫ് യോഗത്തില്‍ സംബന്ധിക്കുന്നത്.

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ക്കും അവശ്യവസ്തുക്കളുടെ വില വര്‍ധനയ്ക്കുമെതിരെയാണ് യുഡിഎഫ് ഇന്നും നാളെയുമായി രാപ്പകല്‍ സമരം നടത്തുന്നത്. ഇന്ന് രാവിലെ 10 മുതല്‍ നാളെ രാവിലെ 10 വരെയാണ് സമരം. സെക്രട്ടേറിയറ്റിന് മുന്നില്‍ നടക്കുന്ന സമരം കെപിസിസി പ്രസിഡന്റ് എംഎം ഹസ്സന്‍ ഉദ്ഘാടനം ചെയ്തു. മറ്റ് ജില്ലകളില്‍ കളക്ട്രേറ്റുകള്‍ക്ക് മുന്നിലാണ് സമരം.