അരവിന്ദ് കേജ്‌രിവാളും ഡല്‍ഹി ലെഫ്. ഗവര്‍ണറും തമ്മില്‍ വീണ്ടും വാക്‌പോര്

single-img
5 October 2017

ന്യൂഡല്‍ഹി: താന്‍ തിരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയാണെന്നും ഭീകരവാദിയല്ലെന്നും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍. നിയമസഭയില്‍ ഗസ്റ്റ് അധ്യാപകരുടെ നിയമനവുമായി ബന്ധപ്പെട്ട ബില്ലിനെ ഗവര്‍ണര്‍ എതിര്‍ത്ത സാഹചര്യത്തിലായിരുന്നു കേജ്‌രിവാളിന്റെ പ്രസ്താവന.

ലെഫ്. ഗവര്‍ണര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ബിജെപിക്കുമെതിരെ രൂക്ഷവിമര്‍ശനമാണ് കേജ്‌രിവാള്‍ നിയമസഭയില്‍ നടത്തിയതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോയി.

15000 ഓളം വരുന്ന കരാര്‍ അധ്യാപകരെ സ്ഥിരപ്പെടുത്താനുള്ള ബില്ല് ചര്‍ച്ചയ്‌ക്കെത്തിയപ്പോഴായിരുന്നു കേജ്‌രിവാളിന്റെ പരാമര്‍ശം. സേവനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഡല്‍ഹി നിയമസഭയുടെ അധികാരപരിധിക്കു പുറത്താണെന്നു ഗവര്‍ണര്‍ പറഞ്ഞതാണ് കേജ്‌രിവാളിനെ പ്രകോപിപ്പിച്ചത്.

ബില്‍ പിന്നീട് ശബ്ദവോട്ടോടെ പാസാക്കുകയായിരുന്നു. ഉദ്യോഗസ്ഥര്‍ക്കെതിരെയും കേജ്‌രിവാള്‍ വിമര്‍ശനം ഉയര്‍ത്തി. അധ്യാപകരെ സ്ഥിരപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ഫയലുകള്‍ വകുപ്പു മന്ത്രിയായ മനീഷ് സിസോദിയയെ ഉദ്യോഗസ്ഥര്‍ കാണിച്ചില്ലെന്നും ഇത് ലെഫ്. ഗവര്‍ണറുടെ നിര്‍ദേശപ്രകാരമാണെന്നും കേജ് രിവാള്‍ പറഞ്ഞു.

മുമ്പും കേജ്‌രിവാളും ലെഫ്. ഗവര്‍ണറും തമ്മില്‍ വാക്‌പോരാട്ടമുണ്ടായിട്ടുണ്ട്. കേജ് രിവാളിന്റെ സ്വപ്നപദ്ധതിയായ മൊഹല്ല ക്ലിനിക്കുമായി ബന്ധപ്പെട്ട് ഓഗസ്റ്റില്‍ ലെഫ്. ഗവര്‍ണറുമായി വാക്ക് തര്‍ക്കം ഉണ്ടായിരുന്നു.