മോദിയുടെ മണ്ഡലത്തിലെ ആശുപത്രിയില്‍ അനസ്‌തേഷ്യയ്ക്ക് പകരം വിഷവാതകം നല്‍കി 14 പേര്‍ മരിച്ച സംഭവം: അന്വേഷണത്തിന് ഉത്തരവിട്ടു

single-img
5 October 2017

വാരണാസി: ഉത്തര്‍പ്രദേശിലെ ആശുപത്രിയില്‍ വ്യാവസായികാവശ്യത്തിന് ഉപയോഗിക്കുന്ന വാതകം ഉപയോഗിച്ച് അനസ്‌തേഷ്യ നല്‍കിയതിനെ തുടര്‍ന്ന് രോഗികള്‍ മരിച്ച സംഭവത്തില്‍ അന്വേഷത്തത്തിന് ഹൈക്കോടതി ഉത്തരവ്. അലഹബാദ് ഹൈക്കോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.

ജൂണ്‍ ആറുമുതല്‍ എട്ട് വരെയുള്ള മൂന്ന് ദിവസങ്ങളിലാണ് സുന്ദര്‍ലാല്‍ ആശുപത്രിയില്‍ മരണം സംഭവിച്ചത്. ബനാറസ് ഹിന്ദു സര്‍വകലാശാലയുടെ ഭാഗമായുള്ള ആശുപത്രിയാണിത്. ശസ്ത്രക്രിയയ്ക്ക് വിധേയരായ രോഗികളാണ് മരിച്ചത്. ഇതേത്തുടര്‍ന്ന് നടത്തിയ പ്രാഥമികാന്വേഷണത്തില്‍ ശസ്ത്രക്രിയ ചെയ്യുന്നതിന് അനസ്‌തേഷ്യ നല്‍കാനുപയോഗിച്ച വാതകമാണ് മരണ കാരണമെന്ന് കണ്ടെത്തിയിരുന്നു. വ്യാവസായികാവശ്യത്തിനുപയോഗിക്കുന്ന തരം നൈട്രസ് ഓക്‌സൈഡാണ് രോഗികള്‍ക്ക് അനസ്‌തേഷ്യ നല്‍കാന്‍ ഉപയോഗിച്ചത്.

നൈട്രസ് ഓക്‌സൈഡ് ചികിത്സാ ആവ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ അനുവദിക്കപ്പെട്ട മരുന്ന് അല്ലെന്നും വിഷകാരിയായ രാസവ്തുവിന്റെ ഉപയോഗം മൂലമാണ് രോഗികള്‍ മരിച്ചതെന്നും ഉത്തര്‍പ്രദേശ് ആരോഗ്യവകുപ്പിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഈ കണ്ടെത്തലുകള്‍ കേന്ദ്ര ഡ്രഗ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗഗനൈസേഷനും ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയുടെ അന്വേഷണ സമിതിയും ശരി വെക്കുകയായിരുന്നു.

മരിച്ചവരില്‍ ഒരാളായ മെഹ്രാജ് അഹമ്മദിന്റെ ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ ചികിത്സാപ്പിഴവുകള്‍ക്ക് ആശുപത്രിക്കെതിരെ കേസെടുത്തിരുന്നു. അനസ്‌തേഷ്യ വിഭാഗം തലവന്‍ ഡോ.പിആര്‍ രഞ്ചന്‍ അടക്കം നാലു ഡോക്ടര്‍മാര്‍ക്കെതിരെയാണ് പരാതി നല്‍കിയിരുന്നത്.

ഇതേത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ രോഗികളുടെ മരണത്തിനിടയാക്കിയ നൈട്രസ് ഓക്‌സൈഡ് ആശുപത്രിക്ക് എത്തിച്ചു നല്‍കുന്നത് അലഹാബാദ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനിയായ പാരെര്‍ഹാത് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് ആണെന്ന് സ്ഥിരീകരിച്ചിരുന്നു.

ബിജെപിയുടെ അലഹാബാദ് നോര്‍ത്ത് എംഎല്‍എ ഹര്‍ഷവര്‍ധന്റെ പിതാവ് അശോക് കുമാര്‍ ബാജ്‌പേയിയാണ് പാരെര്‍ഹാത് ഇന്‍ഡസ്ട്രിയലിന്റെ ഡയറക്ടറെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മരുന്നുകള്‍ നിര്‍മ്മിക്കാനോ വില്‍ക്കാനോ ലൈസന്‍സ് ഉള്ള സ്ഥാപനമല്ല ഇതെന്ന് കണ്ടെത്തിയിരുന്നു. ഇക്കാര്യം ഹപാരെര്‍ഹാത് ഇന്‍ഡസ്ട്രിയല്‍ര്‍ഷവര്‍ധന്‍ വാജ്‌പേയി സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.

അതേസമയം തങ്ങള്‍ വിതരണം ചെയ്ത വാതകം അനസ്‌തേഷ്യയ്ക്കുപയോഗിച്ചതാണ് രോഗികളുടെ മരണത്തിനിടയാക്കിയെന്ന റിപ്പോര്‍ട്ട് ഹര്‍ഷവര്‍ധന്‍ തള്ളിക്കളഞ്ഞു. ലക്ക്‌നൗ വിലെ കിങ് ജോര്‍ജ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലേക്കും അലഹാബാദിലെ മോത്തിലാല്‍ നെഹ്‌റു മെഡിക്കല്‍ കോളേജിലേക്കും തങ്ങള്‍ ഇതേ വാതകം വിതരണം ചെയ്യുന്നുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് റിപ്പോര്‍ട്ടിനെ ഹര്‍ഷവര്‍ധന്‍ എതിര്‍ത്തത്.

എന്നാല്‍ അന്വേഷണം ഉടന്‍ പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കോടതി ഉത്തരവ്. സംഭവത്തില്‍ കുറ്റക്കാരെന്ന് കണ്ടെത്തുന്നതോടെ ലൈസന്‍സ് ഇല്ലാതെ മരുന്ന് ഉദ്പാദിപ്പിക്കുകയും വിതരണം ചെയ്യുകയും ചെയ്ത പാരെര്‍ഹാത് ഇന്‍ഡസ്ട്രിയലിനെതിരെയും വിഷകാരിയായ വാതകമാണെന്നറിഞ്ഞിട്ടും ഇത് അനസ്‌തേഷ്യ നല്‍കാന്‍ ഉപയോഗിച്ച ഡോക്ടര്‍മാര്‍ക്കെതിരെയും നിയമനടപടികളുണ്ടാകും.