ലോക്‌സഭ-നിയമസഭ തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ചു നടത്താന്‍ തയ്യാറാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

single-img
5 October 2017

ലോക്‌സഭാ തെരഞ്ഞെടുപ്പും സംസ്ഥാന നിയമസഭകളിലേക്കുളള തെരഞ്ഞെടുപ്പും ഒന്നിച്ചു നടത്താന്‍ തയ്യാറാണെന്ന് തെരഞ്ഞടുപ്പ് കമ്മീഷന്‍. അടുത്തവര്‍ഷം സെപ്തംബറോടു കൂടി ഇതിനുളള സൗകര്യങ്ങള്‍ പൂര്‍ത്തിയാക്കാനാകുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചു.

ഭരണഘടനാ ഭേദഗതികള്‍ ഉള്‍പ്പെടെയുള്ള മുന്നൊരുക്കം കേന്ദ്രസര്‍ക്കാരാണ് പൂര്‍ത്തിയാക്കേണ്ടതെന്നും കമ്മീഷന്‍ വ്യക്തമാക്കി. ഇതിനായി 40 ലക്ഷത്തോളം ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളും വിവിപാറ്റ് യന്ത്രങ്ങളും ആവശ്യമാണ്. 15400 കോടി രൂപ ഇതിനായി ലഭിച്ചിട്ടുണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഒ പി റാവത്ത് അറിയിച്ചു.

തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്തണമെന്ന ആവശ്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് മുന്നോട്ടുവച്ചത്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഇതിനോട് സഹകരിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പ് ചെലവ് ചൂണ്ടിക്കാട്ടിയാണ് ഒരുമിച്ച് തെരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യം മുന്നോട്ട് വച്ചത്.

തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ചു നടത്തണമെന്ന ആവശ്യം ബിജെപി മുന്നോട്ടുവെച്ചിട്ടുണ്ടെങ്കിലും മറ്റു രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഇക്കാര്യത്തില്‍ ഇതുവരെ നിലപാടറിയിച്ചിട്ടില്ല. അതേസമയം ഇന്ത്യയുടെ ഫെഡറല്‍ ഘടനയില്‍ ഇത് ഭരണഘടനാവിരുദ്ധമായ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന വിമര്‍ശങ്ങളും ശക്തമാണ്.