ദിലീപിനെ വീണ്ടും അകത്താക്കാനൊരുങ്ങി പോലീസ്: ജാമ്യം റദ്ദാക്കുന്നതിന് നിയമോപദേശം തേടി

single-img
5 October 2017


തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയ നടന്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കുന്നതിന്റെ സാധ്യത സംബന്ധിച്ചു പൊലീസ് നിയമോപദേശം തേടി. കേസിലെ സ്‌പെഷല്‍ പ്രോസിക്യൂട്ടറോട് ഇതുസംബന്ധിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടതായി ഡിജിപി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു.

ദിലീപിന് ഹൈക്കോടതി ജാമ്യം അനുവദിച്ച സാഹചര്യത്തില്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കുന്ന കാര്യത്തിലാണ് കേസിലെ പ്രോസിക്യൂട്ടറോട് നിയമോപദേശം തേടിയത്. നിയമോപദേശം അനുകൂലമായാല്‍ സര്‍ക്കാറിന്റെ അനുമതിയോടെ സുപ്രീംകോടതിയെ സമീപിക്കാനാണ് പൊലീസിന്റെ നീക്കം.

ദിലീപിനെതിരെ ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ കുറ്റപത്രം സമര്‍പ്പിക്കാനുള്ള സാഹചര്യമുണ്ടായിട്ടും അന്വേഷണസംഘം മനഃപൂര്‍വമായ കാലതാമസമുണ്ടാക്കിയെന്ന അഭിപ്രായം സേനക്കകത്തുണ്ട്. ഇത് ജനങ്ങള്‍ക്ക് അന്വേഷണ സംഘത്തിലുണ്ടായിരുന്ന വിശ്വാസം തകര്‍ത്തുവെന്ന വിലയിരുത്തലുമുണ്ട്. ഈ സാഹചര്യത്തിലാണ് മുഖംരക്ഷിക്കാനുള്ള പോലീസിന്റെ നീക്കം.

അതേസമയം കേസില്‍ നടന്‍ ദിലീപിന് പങ്കുണ്ടെന്ന് മൊഴി ലഭിച്ചു. ഏഴാം പ്രതി ഇരിട്ടി സ്വദേശി ചാര്‍ളിയാണ് ദിലീപിനെതിരെ രഹസ്യമൊഴി നല്‍കിയത്. ഈ രഹസ്യമൊഴിയോടെ, ചാര്‍ളിയെ കേസില്‍ മാപ്പ് സാക്ഷിയാക്കും. കോയമ്പത്തൂരില്‍ ചാര്‍ളിയുടെ വീട്ടിലാണ് സുനില്‍കുമാര്‍ ഒളിവില്‍ കഴിഞ്ഞത്.

നടി ആക്രമിക്കപ്പെട്ട് മൂന്നാം ദിവസമാണ് സുനില്‍കുമാര്‍ ക്വട്ടേഷന്‍ വിവരം തന്നോട് പറഞ്ഞതെന്നും ചാര്‍ളി നല്‍കിയ രഹസ്യമൊഴിയിലുണ്ട്. ഒന്നരക്കോടിരൂപയാണ് ക്വട്ടേഷന്‍ തുകയെന്നു സുനി ചാര്‍ലിയോടു പറഞ്ഞിരുന്നു. നടിയുടെ ദൃശ്യങ്ങളും ചാര്‍ലിയെ കാണിച്ചിരുന്നുവെന്നും പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.